Monday 19 November 2012

മടക്കയാത്ര

വരിക സോദരാ നടക്കാം നമ്മുക്കിനിയീ സ്നേഹപാതയിലൂടല്പം
വരികയായി പഴയയാ മാമ്പഴക്കാലങ്ങൾ വീണ്ടും
പങ്കിട്ടല്ലാതെ കഴിക്കാറില്ല നീ പണ്ടുമീ മധുരമാം മാമ്പഴം
പങ്കുവയ്ക്കാനെനിക്കു കൊതിയിപ്പോഴും നിൻ സൗഹ്രദം

എത്രയെന്നോർക്കുന്നുവോ ചവിട്ടിതെറിപ്പിച്ചീ  മഴവെള്ളതുള്ളികൾ
എത്രനാളോടി കളിച്ചതാമീ ചെമ്മൺപാതകളിലൂടെ നമ്മൾ
സ്വാർഥമാം സ്നേഹങ്ങളെ  വിലയ്ക്കു വാങ്ങിച്ചീട്ടൊടുവിൽ
നിസ്വാർഥരായെത്തുന്നു നമ്മളൊരുമിച്ചീ നാട്ടിലേയ്ക്ക് വീണ്ടും

അരികിലാണു നീ മെല്ലെ തൊട്ടുവിളിക്കണമെന്നാശിപ്പു ഞാൻ
അനങ്ങുന്നില്ലെൻ കൈകൾ, ആത്മാവാതാഗ്രഹിച്ചെങ്കിലും
അറിയുന്നില്ല നീയും ഞാനുമൊപ്പമീ ചുറ്റും നടക്കുവതൊന്നും
ആസ്വാദ്യമല്ലയീ മുല്ലപുക്കളാൽ തീർത്ത അന്ത്യഹാരങ്ങളും

പോകാം നമ്മുക്കീ പുഴതീരത്തിലേയ്ക്ക് പണ്ടെന്നപോൽ
പോകാം നന്മതൻ നേർത്ത നിലാവെളിച്ചത്തിലേയ്ക്കു വീണ്ടും
മറക്കാം ഇതുവരെയുള്ള ബന്ധങ്ങളും, പരിവേദനങ്ങളും
നടക്കാം പുതുവഴിയിലൂടിനിയില്ല മടക്കയാത്ര നിനച്ചാലുമില്ലെങ്കിലും



 

Sunday 18 November 2012

ഈയാഴ്ചയിലാദ്യം (10)


ഇസ്രയേൽ പാലസ്തീൻ പ്രശനം നമ്മുടെ ഗ്രുപ്പിൽ പലവട്ടം ചർച്ചയ്ക്കു വന്നു കഴിഞ്ഞു ഇപ്പോഴും ചർച്ച തുടരുന്നു ചർച്ചയിൽ പങ്കെടുത്ത ഒരാളെന്ന നിലയ്ക്ക് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഒരോരുത്തരും അവരവരുടെ വശങ്ങൾ ന്യായീകരിക്കാൻ മനുഷ്യാവകാശ ലംഘനത്തോട് യോജിക്കുകയാണെന്നു തോന്നും. ഇസ്രയേൽ അല്ല പാലസ്തീനല്ല മറ്റേതൊരു രാജ്യമായാലും
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനോട് സാമാന്യബോധമുള്ള ആർക്കും യോജിക്കാനാവുമെന്നു തോന്നുന്നില്ല , ചിലർ ഈ പ്രശ്നത്തെ മതത്തിന്റെയും വർഗ്ഗീയതയുടെയും കണ്ണുകൊണ്ട് കാണുന്നു മറ്റുചിലർ ഇതിനെ അയൽരാജ്യക്കാരുടെ പ്രശ്നമായും കാണൂന്നു നമ്മുക്കീ പ്രശ്നത്തിൽ ഒന്നും ചെയ്യാനില്ല എങ്കിലും ദുഖം പ്രകടിപ്പിക്കുന്നതോ, മുഖപുസ്തകത്തിലുടെ പ്രതിഷേധിക്കുന്നതോ വലിയ ചെലവുള്ള കാര്യമല്ല തന്നെ ..
ഒരു മാന്യസുഹ്രത്ത് മുസ്ളിം സമൂഹം പ്രതികരിക്കണമെന്ന് എഴുതി പ്രതികരിക്കണം അതു മുസ്ളീം സമുദായം മാത്രമല്ല എല്ലാ മനുഷ്യരും ഒരുമിച്ചെതിർത്ത് ലോക മനസാക്ഷിയുടെ മുന്നിൽ കൊണ്ടുവന്നു  ശിശുഹത്യയുൾപെടെ കിരാതകൊലപാതകങ്ങൾ അവസാനിപ്പിക്കണം. മറ്റൊരു സുഹ്രത്ത് കാശ്മീരിലെ ജനതയുടെ ദുരിതവും ഇതോടൊപ്പം കൂട്ടിവായിക്കാൻ അഭ്യർഥിക്കുന്നു ശരിയാണു കാശ്മീരിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ഇതുപോലെ പ്രശ്നങ്ങളുണ്ട് അത്തരം മനുഷ്യവകാശലംഘനങ്ങൾ എല്ലാം തന്നെ ഐക്യരാഷ്ട്സഭയുടെ മുമ്പിൽ വളരെ ശക്തമായി അവതരിപ്പിച്ചു പരിഹാരം നേടേണ്ടവ തന്നെയാണു . അതിനൊക്കെ കീബോർഡിന്റെ മുമ്പിലിരുന്നു അക്ഷരങ്ങളെ സ്നേഹിക്കുന്നവർ വിചാരിച്ചാൽ മതി പക്ഷേ വിചാരം ആത്മാർഥമായിരിക്കണം ,നിങ്ങൾക്കറിയാം ഈജിപ്തിലെ ഗുരുതരമായ പ്രശ്നത്തെ ലോകമനസാഷിയുടെ മുന്നിൽ കൊണ്ടുവരികയും ലോകമൊന്നടങ്കം അവിടെത്തെ ജനകീയ സമരങ്ങൾകൊപ്പം നിന്നു സമരം വിജയിപ്പിക്കുകയൂം ചെയ്തത് ഒരു വ്യക്തിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ തുടങ്ങിയ സൈബർ യുദ്ധം വഴിയാണെന്നു നിർഭാഗ്യവശാൽ ലോകപോലീസ് ചമയുന്ന അമേരിക്കയുടെ വ്യത്തികെട്ട കരങ്ങളും അതിലൊരു പങ്കു വഹിച്ചു എന്നത് കറുത്ത അധ്യായമാണു എങ്കിലും......
ജനിച്ച മണ്ണീൽ ജീവിക്കുക എന്നത് മനുഷ്യരുടെ അവകാശമാണു അതിനു വേണ്ടി ചെയ്യുന്ന പോരാട്ടങ്ങൾക്കു ചെവികൊടുക്കാതിരിക്കുക എന്നത് ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര്സഭയുമൊക്കെ ചെയ്യുന്ന പാതകമാണു. ഇൻഡ്യ ഉൾപെടെയുള്ളവർ ചേരിചേരാ നയങ്ങളൂം വ്യക്തിബന്ധങ്ങളും ഒക്കെ മാറ്റിവച്ച് ഇതിനെതിരെ പ്രതികരിക്കണം ഇൻഡ്യാഗവർമെന്റിൽ ശക്തമായ സ്വധീനം ചെലുത്താൽ ഏറ്റവും വലിയ മനുഷ്യാവകാശ സംരഷകർ എന്നവകാശപെടുന്ന ഇടതുപക്ഷ പാർട്ടികളും തയ്യാറാവണം .
അമേരിക്ക ഇസ്രായേലിനെ പിന്താങ്ങുന്നതിനു പിന്നിൽ ഒരു ഹിജഡൻ അജണ്ട ഒളിഞ്ഞിരിപ്പുണ്ട് പണ്ട് ബ്രിട്ടിഷ്ക്കാർ ലോകം മുഴുവനും കോളനിഭരണം സ്ഥാപിക്കുന്നതിനു സ്റ്റ്വീകരിച്ചിരുന്ന അതേ അജണ്ട, വ്യകതമായ കാഴ്ചപാടുമായി ലോകരാജ്യങ്ങളെ തമ്മിലടിപ്പിക്കുകയും , രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അവരെക്കാൾ താല്പര്യത്തോടെ ഇടപെടുകയും പ്രശ്നപരിഹാരകരായി മാറി വിഭവ സമ്പത്തുക്കൾ കൊള്ളടയിക്കുകയും അതുവഴി ഭരണനിയന്ത്രണം കൈയാളുകയുമാണീ നീരാളിയെന്നു ലോക സമാധാനമാഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും തിരിച്ചറിയേണ്ടതുണ്ട്, മുന്നാം ലോകമഹായുദ്ധമാണു അമേരിക്ക ലഷ്യമിടുന്നതെന്നു വ്യക്തം. പാലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മൾ കേൾക്കാതെ പോകരുത് അത് മുസ്ളീമായാലും,മറ്റ് ഏതു മതക്കാരനായാലും ഒരുമിക്കാം ഏല്ലാ മനുഷ്യാവകാശ ലംഘനങ്ങൾക്കും നരഹത്യകൾക്കുമെതിരെ ....പോരാടാം ലോകസമാധാനത്തിനായി
“ഒരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ”
 ഒരു കോടി ഈശ്വരവിലാപം“
പ്രവീൺ. വി.ആർ.ആറ്റുകാൽ
 

Sunday 11 November 2012

ഈയാഴ്ചയിലാദ്യം (9)


ഇത്തവണ ഞാൻ എഴുതുന്നത് സ്നേഹത്തെ കുറിച്ചാണു, നെറ്റിചുളിക്കാൻ വരട്ടെ ഇത് നമ്മുക്ക് നഷ്ടപെട്ടുപോയ അല്ലെങ്കിൽ നമ്മൊളൊരിക്കലും വേണ്ട ശ്രദ്ധ കൊടുക്കാൻ മറന്ന കുറച്ചു സ്നേഹങ്ങളെ കുറിച്ചുമാത്രം, ഈയിടെ ഞാനെവിടെയോ വായിച്ചു നമ്മുക്കൊരിക്കലും മറക്കാൻ പറ്റാത്ത മണങ്ങളെ കുറിച്ച് , മൂക്കിന്റെ തുമ്പിലിപ്പോഴും വാസനയുയർത്തുന്ന ഓർമ്മകളൂടെ ഒരുകൂട്ടം മണങ്ങളെ കുറിച്ചു

അതുപോലെ മനസ്സിൽ മധുരമുണർത്തുന്ന കുറച്ചു സ്നേഹത്തെ കുറിച്ചാവാം ഇത്തവണ............വരൂ നമ്മുക്ക് തിരിച്ചുനടക്കാം തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു പണ്ട് പണ്ട് മായാത്ത ഓർമ്മകളുടെ മാമ്പഴക്കാലത്തിലേയ്ക്ക്............

കമുക്കിൻ പാളയിൽ വണ്ടിയോടിച്ച് കളിച്ച് ചെമ്മണ്ണു പുരണ്ട കറുത്ത വള്ളിനിക്കറുമായി പേടിച്ച് പേടിച്ച് വീട്ടിലെത്തുമ്പോൾ വാതോരാതെ വഴക്കുപറഞ്ഞു വാൽസല്ല്യത്തോടെ അടുത്തു പിടിച്ചിരുത്തി ശരീരം മുഴുവൻ നല്ലമണമുള്ള ഉള്ളിമൂപ്പിച്ച എണ്ണ തേയ്ച്ച് പിടിപ്പിക്കുകയും തണുത്തുറഞ്ഞ കിണറ്റുവെള്ളം കോരി കുളിർപ്പിച്ച് തലയിൽ രാസനാദി പൊടി തിരുമ്മിപിടിപ്പിക്കുകയും ചെയ്തിരുന്ന അമ്മയുടെ സ്നേഹമാണെനിക്കാദ്യം ഓർമ്മവരുന്നത്, എത്രയൊക്കെ വഴക്കുപറഞ്ഞാലും തുടയിൽ തിരുമ്മി വേദനിപ്പിച്ചാലും മടിയിൽ തലചായ്ച്കിടക്കുമ്പോൾ തലമുടിയിലൂടെ അമ്മ വിരലോടിക്കുമ്പോൾ കിട്ടുന്ന സ്നേഹം ഒരിക്കലും മറക്കാനാവാത്തത് , ചെറിയ കുറ്റിതലമുടി കിളിർത്ത താടി കൊണ്ട് മുഖത്ത് ഉമ്മവയ്ക്കുകയും, നെഞ്ചിൽ കിടത്തി കഥകൾ പറഞ്ഞു തരികയും ചെയ്യുന്ന അച്ഛന്റെ സ്നേഹം, ആകാശത്തിലേയ്ക്ക് നമ്മെ ഉയർത്തിയെറിഞ്ഞു കൈകൊണ്ട് താങ്ങി നിർത്തുമ്പോൾ എത്ര ഉയരത്തിലാണു നമ്മളെന്നറിയാമെങ്കിലും കരുതലോടെ അച്ഛൻ താങ്ങാനുണ്ടാകുമെന്നറിയുമ്പോൾ അച്ഛന്റെ സ്നേഹം വിലമതിക്കാനാവാത്തത്, നന്മ ചെയ്യാനാണു നാം ആദ്യം പഠിക്കേണ്ടതെന്നും സഹജീവികളോട് കരുണയുണ്ടാകണമെന്നും നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്ന,  വീട്ടിലെ പശുവിനെയും പട്ടിയെയും പൂച്ചയെയുമൊക്കെ സ്വന്തം മക്കളെ പോലെ കരുതി സ്നേഹിക്കുന്ന മുത്തശ്ശന്റെ സ്നേഹം, കൈപിടിച്ച് നീണ്ട പാടവരമ്പിലൂടെ കാഴ്ചയും പഴമയും കണ്ട് നടക്കുമ്പോഴുള്ള സുഖകരമായ സ്നേഹം പുഴയിൽ സ്വന്തം കൈകളിൽ കിടത്തി നിന്താൻ പഠിപ്പിക്കുമ്പോൾ ബലിഷ്ഠമായ കൈകൾ നല്ക്കുന്ന സ്നേഹം ഇപ്പോഴും ചുറ്റിലും തങ്ങിനില്ക്കുന്നപോലെ. അമ്മയും അച്ഛനുമൊക്കെ വഴക്കു പറയുകയും, ദേഷ്യപെടുകയും ഒക്കെ ചെയ്യുന്ന സമയം ലൈബോയ് സോപ്പിന്റെ മണമുള്ള ചന്ദന നിറമുള്ള അമ്മുമ്മയുടെ തണലാകുന്ന സ്നേഹം, നാമം ചൊല്ലാനൊപ്പമിരുത്തുകയും, സ്നേഹത്തൊടെ ഗുണപാഠകഥകൾ മാത്രം പറഞ്ഞു തരികയും ചെയ്യുന്ന അമ്മുമ്മയുടെ സ്നേഹം, അയ്ല്ക്കാരെ കൂടെ നിർത്തണമെന്നും അവരിൽ യാതൊരു വ്യത്യാസവും കാണരുതെന്നും സന്തോഷങ്ങൾ ഒറ്റയ്ക്കാഘോഷിക്കാനുള്ളതല്ലന്നും അന്യരുടെ ദു:ഖങ്ങൾക്കും ചെവികൊടുക്കണമെന്നും പഠിപ്പിക്കുന്ന അമ്മുമ്മയുടെ സ്നേഹം.

നിറഞ്ഞ കല്പടവുകൾ കയറിയെത്തുമ്പോൾ കുശലാന്വഷണങ്ങളുമായി കീറ ഇലയിൽ ചന്ദനവും തെച്ചിപൂവും കൈയിലെറിഞ്ഞു തരുന്ന വയസ്സൻ പോറ്റിയുടെ പിറകിൽ കാരുണ്യത്തോടെ എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം എന്നെ സ്നേഹിക്കുന്ന എന്റെ നാടിനെ സ്നേഹിക്കുന്ന  ഭഗവതിയുടെ സ്നേഹം ഇന്നും എന്നെ നേർവഴി നടത്തുന്ന നിറഞ്ഞ സ്നേഹം

വെളുത്ത പെറ്റികോട്ടിട്ട് എന്റെ കൈകവർന്നു വെളുത്തു കൊലുന്നനെയുള്ള എന്റെ കുഞ്ഞിപെങ്ങളുടെ സ്നേഹം എന്നും പിണക്കമാണെങ്ങിലും എന്തിനുമേതിനും തല്ലുകൂടുമെങ്ങിലും എന്റെ മുഖം വാടിയാൽ കണ്ണൂ നിറയുന്ന എന്റെ കൂടെപിറപ്പിന്റെ സ്നേഹം, ഫുൾകൈ ഷർട്ടും തെറുത്തുകയറ്റി ചെറിയ തെറ്റിനുപോലും ചെവിചുവപ്പിക്കുന്ന വലിയ ഭാവത്തിൽ നടക്കുന്ന എന്റെ ഏട്ടന്റെ സ്നേഹം, ഉസ്കൂളിലെന്നെ ആരെങ്കിലും വേദനിപ്പിച്ചെന്നറിഞ്ഞാൽ വിയർപ്പിൽ കുളിച്ചോടി വന്നെന്നെ നോക്കുന്ന എന്റെ പ്രിയ സഹോദരന്റെ സ്നേഹം.

ഓണവും വിഷുവും ദീപാവലിയുമൊക്കെ പോലെ വർഷത്തിലൊരിക്കൽ മാത്രം വന്നെത്തുന്ന അമ്മാവന്റെ സ്നേഹം കൈയ്യിൽ മധുരപലഹാരങ്ങളും പുത്തനുടുപ്പുകളുമായി ദൂരെനിന്നും അവധിക്കാലമാഘോഷിക്കാനെത്തുന്ന സ്നേഹം.

വളരെ കർക്കശക്കാരാണങ്കിലും, ചെറുചിരിയോടെ ചുമലിൽ തട്ടി അഭിനന്ദിക്കുന്ന എന്റെ ഗുരുനാഥന്മാരുടെ സ്നേഹം, കഥകളിലൂടെയും, കവിതകളിലൂടെയും നാടിനെ നാടിന്റെ നന്മകളെ തൊട്ടറിയാൻ പഠിപ്പിച്ച നിറഞ്ഞ സ്നേഹം, വിയർപ്പൊട്ടിയ കൈകളിൽ നാരങ്ങാമിട്ടായൊളിപ്പിച്ച് പിൻ ബഞ്ചിലിരുന്നു തമാശകൾ പറഞ്ഞു ചിരിപ്പിക്കുകയും ദാരിദ്രത്തെ  ഓർമ്മിപ്പിച്ച് സങ്കടപെടുത്തുകയും ചെയ്യുന്ന ബാല്ല്യകാല സുഹ്രത്തിന്റെ സ്നേഹം, ബഷീറെന്നും, തോമസ്സെന്നും, ക്യഷ്ണനെന്നും നമ്മൾ വിളിച്ചിരുന്ന ആത്മാർഥ സ്നേഹം

ചൂടുമാറാത്ത ബിരിയാണിയും, നെയ്യ് ചോറും നെയ്യ് പത്തിരിയുമൊക്കെയായി ഞങ്ങൾ കൊണ്ടാടിയിരുന്ന പെരുന്നാളും , ക്രിസ്മസ്സ് തലേന്നു രാത്രിമുഴുവൻ പുല്ക്കുടും നഷ്ത്രവിളക്കുകളുമായി ആഘോഷിച്ചിരുന്ന അയല്പക്കങ്ങളിലെ സ്നേഹം, അടപ്പുപാത്രത്തിൽ വീട്ടിലുണ്ടാക്കിയ പ്രത്യേക വിഭവുമായി അടുക്കളവഴി അമ്മയെ വിളിച്ചു കയറിവരുന്ന ഞങ്ങൾ വീട്ടിലെല്ലാവരും കൊതിയോടെ രുചിച്ചിരുന്ന പലഹാരങ്ങളുടെ ദാതാവായ സുബൈദതാത്തയെന്ന് അമ്മയും ഉമ്മയെന്ന് ഞങ്ങളും വിളിച്ചിരുന്ന ഞങ്ങളുടെ പ്രിയപെട്ടവരുടെ സ്നേഹം. ഉസ്കുളിലേയ്ക്കുള്ള വഴിയിൽ ആകെയുണ്ടായിരുന്ന പീഠിക കറിയാച്ചനെന്നു പ്രായഭേദമെന്യേ എല്ലാരും വിളിച്ചിരുന്ന കടയുടമയുടെ അല്പം തമാശയുള്ള കുശലം പറച്ചിലിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹം

 

മുടി രണ്ടായി പകുത്തു ചീകികെട്ടി, പുസ്തകങ്ങളെ മാറോടടുക്കി വഴിയോരെത്തുന്നും കാത്തു നില്ക്കുന്ന ബാല്ല്യകാല സഖിയുടെ സ്നേഹം, അതൊരു പ്രണയമേ അല്ലായിരുന്നിട്ടുകൂടി ഇന്നും മറന്നുപോകാത്തതാണു സ്നേഹം

ഇങ്ങനെയെത്രയെത്ര സ്നേഹങ്ങളെയാണു നാം വഴിയിൽ ഉപേക്ഷിച്ചു പോയത് ഒരിക്കലും പൊരുത്തപെട്ടുപോകാൻ കഴിയാത്ത സ്വന്തം കാര്യങ്ങൾക്ക് മാത്രം സ്നേഹം നടിക്കുന്ന സ്വാർഥമായ സ്നേഹങ്ങളെയാണു നമ്മൾ ഇന്നു ചേർത്തുവയ്ക്കുന്നത് നഷ്ട്പെട്ടതിന്റെ വിലയറിയാതെ. പുതിയ തലമുറയ്ക്കാവട്ടെ നാം പകർന്നുകൊടുക്കുന്നത് വിലകൊടുത്തു വാങ്ങാവുന്ന സ്നേഹബന്ധങ്ങളും അവയൊക്കെ കാശിന്റെ പകിട്ടു തീരുവോളം തിളക്കമുള്ളതായിരിക്കും സമ്പത്തിന്റെ കുറവനുസരിച്ച് സ്നേഹപ്രകടനത്തിന്റെ അളവും കുറയും. പത്തരമാറ്റുള്ള സ്നേഹത്തെ മറന്നു സ്വാർഥതയേറിയ സ്നേഹത്തെ അന്വഷിക്കുന്ന നമ്മുടെ പുതുതലമുറ ശരിക്കും നഷ്ടങ്ങളുടെ നീണ്ട ഭാരം പേറുന്നവരാണു

Praveen.V.R.Attukal

 

Wednesday 7 November 2012

നിദ്രവന്നെന്നെ തഴുകുന്നതീതാദ്രമായി
നിത്യവും വീണ്ടുമുണർന്നെണീക്കാനായി
നിത്യതയിലേയ്ക്കാണെന്റെ ഒരോദിനവുമെന്നാകിലും
നിദ്രയ്ക്കു ഞാന്റെ വഴിവിളക്കേകുന്നു
 

Monday 5 November 2012

ഒരാൾ മറ്റൊരാൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നത് അയാളുടെ വിവരമില്ലായ്മയല്ല പകരം നല്ല ബന്ധങ്ങൾ നിലനില്കണമെന്നുള്ള അയാളുടെ ആഗ്രഹമാണു, ഒരാൾ തന്റെ വിലപിടിച്ച സമയം മറ്റൊരാൾക്കു വേണ്ടി ചിലവാക്കുന്നെങ്കിൽ, സ്നേഹവും അനുതാപവും കാണിക്കുന്നെങ്കിൽ, നമ്മുടെ വിഷമഘട്ടത്തിൽ സഹായിക്കാൻ എത്തുന്നുവെങ്കിൽ ഓർക്കുക അയാൾ മണ്ടനല്ല അയാളുടെ നല്ല മനസ്സാണത് അതിനെ കുറ്റവും കുറവും കണ്ടുപിടിച്ചും തിരിഞ്ഞു നിന്നു പുച്ഛിച്ച് ചിരിച്ചും കെടുത്തികളയാതിരിക്കുക കാരണം നന്മയാഗ്രഹിക്കുന്നവരുടെ എണ്ണം ഇവിടെ തുലോം കുറവാണു അത്തരം ആൾക്കാർക്കു പ്രശസ്തിപത്രമോ പണമോ അല്ല ആവശ്യം കളങ്കമില്ലാത്ത സൗഹ്രദങ്ങളാണു, പണത്തിനെക്കാൾ മറ്റെന്തിനെക്കാളും അവരതിനെ വിലപിടിച്ചതായി കാണുന്നു

Sunday 4 November 2012

യാത്രകൾ

 
 
മറക്കുവാനാകാത്ത യാത്രകൾ എത്ര
മായ്ക്കാനാവാത്ത നിമിഷങ്ങൾ എത്ര
ജീവിതമെന്നയീ തോണിയിലേറി നാം
വിധിയോട് പോരുതി തുഴയുന്നതെത്ര

പുറമേ നിലാവിന്റെ പുഞ്ചിരി തൂകി
പാഞ്ഞടുത്തെത്തുന്ന ചങ്ങാതികളെത്ര
അകമേ വിഷത്തിന്റെ പത്തികളാർത്തി
അടുക്കുമ്പോളറിയുന്ന ശത്രുക്കളെത്ര

...
സമ്പത്തുകൊണ്ടെന്റെ സ്നേഹമളർന്നവരെത്ര
സന്തോഷകാലത്തു എന്നെ പുണർന്നവരെത്ര
പൊട്ടികരഞ്ഞു ഞാൻ ദുഖങ്ങളാറ്റുമ്പോൾ
കെട്ടിപിടിച്ചാശ്വസിച്ചെതെൻ മിഥ്യകൾ മാത്രം

ജീവിതമെന്തെന്നറിയുന്നു ഞാനിപ്പോൾ
ജീർണ്ണിച്ച പ്രാരാബ്ധകെടുതികൾ പുണരുമ്പോൾ
ആത്മാർഥതയില്ലാത്ത സ്നേഹത്തെ ഇപ്പോഴും
ആത്മാർഥമായി കരുതുന്നു കുടെ ഞാൻ

ഈ ആഴ്ചയിലാദ്യം (1)

കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ഒട്ടുമിക്ക മലയാളികളും തൊഴിൽ മേഖലകളിൽ പ്രാവീണ്യമുള്ളവരും അല്ലാത്തവരും പ്രവാസം ജീവിതം കൊതിക്കുന്നവരാണു എന്നതിൽ തർക്കമില്ല, എന്താണു ഇതിനു കാരണം സ്വന്തം കുടുംമ്പത്തൊടൊപ്പം നാട്ടിലെ കാറ്റും ഇളവെയിലുമേറ്റ് കഴിയാൻ ആഗ്രഹമില്ലാഞ്ഞിട്ടാണോ അതോ പണത്തിനു വേണ്ടിയാണൊ എന്തോ എനിക്കറിയില്ല.....

പ്രവാസികൾക്ക് ആവശ്യങ്ങൾ അനവതിയാണു, ദുഖങ്ങളും പരിമിതികളും വേറെയും പക്ഷേ ഇതിനൊക്കെ ഒടുവിൽ ഒരു മനോഹരമായ നല്ല വശം മറഞ്ഞിരിക്കുന്നു സാഹോദര്യത്തിന്റെ സൗഹ്രദത്തിന്റെ നല്ല വശം, വിവിധ ദേശങ്ങളിൽ വളർന്നവർ വിവിധ ജാതിമതവിഭാഗക്കാർ വിവിധ തരം ഭാഷകൾ പ്രയോഗിക്കുന്നവർ ഇവരെല്ലാം തന്നെ പ്രവാസജീവിതത്തിൽ ഒരു കുടുംമ്പമാണു, പരസ്പര സഹായത്തിന്റെയും സാഹോദര്യത്തിന്റെയും ബാലപാഠം നാം പ്രവാസജീവിതത്തിൽ നിന്നു തുടങ്ങുന്നു എന്നു വേണം കരുതാൻ.
നന്മമറക്കാത്ത അനേകം സഹോദരങ്ങളെ ഞാനിവിടെ കാണുന്നു മറ്റെല്ലാം മറന്നു ഉറ്റവരെ എന്നപോലെ നമ്മെ സ്നേഹിക്കുന്നവരെ, സഹായിക്കുന്നവരെ എത്രയെത്ര കെടാത്ത സൗഹ്രദ തിരികളാണു നാമിവിടെ തെളിയിക്കുന്നത് ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ പ്രവാസികൾ ഒട്ടുമിക്കപേരും സഹകരണമനോഭാവം വചു പുലർത്തുന്നവരാണു എന്നു പറയാം പിന്നെ നമ്മൾ മാറ്റി നിർത്തിയവർ അവരെയും നമ്മുക്ക് കൂടെകുട്ടാം ഈ യാത്രയിൽ......
“എല്ലാം വളരുന്നു പൂക്കുന്നു കായ്ക്കുന്നതെല്ലാത്തിനും വളകൂറുറ്റതീ നിലം” എന്ന കവി ഓ.എൻ.വി കുറുപ്പിന്റെ വരികളിലൂടെ പ്രവാസത്തെ വരച്ചുകാട്ടുകയുമാവാം.........................


 PRAVEEN V R ATTUKAL

ഈ ആഴ്ചയിലാദ്യം (2)


എല്ലാ മനുഷ്യന്റെ മനസ്സിലും ഒരു മ്യഗമുണ്ട് അന്യന്റെ വേദനയിൽ സന്തോഷിക്കുന്ന ഒരു സാഡിസവുമുണ്ട് അതിനെയൊക്കെ ഉറക്കികിടത്തുന്നത് അവന്റെ ഉള്ളിലുള്ള സംസ്കാരിക ബോധമാണെന്നു പറഞ്ഞ മഹാൻ മലയാളിയെ കുറിച്ചറിയാതെയാണോ പറഞ്ഞതെന്നൊരു സംശയം . സംസ്കാരിക സമ്പന്നർ എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളി മറ്റുള്ളവരെ സംശയത്തൊടെ വീഷിക്കുകയും എന്തിലുമേതിലും കുറ്റങ്ങൾ കണ്ടെത്തുകയും അന്യരെ പരിഹസിക്കുകയും ചെയ്യു

ന്നു. പ്രശസ്തിക്കുവേണ്ടി എന്തും ഏറ്റുപിടിക്കുകയും കാര്യത്തൊടടുക്കുമ്പോൾ കൈമലർത്തുകയും ചെയ്യുന്ന ഞാനുൾപെടെയുള്ള മലയാളികളെ സംസ്കാരികബോധം തൊട്ടുതീണ്ടിയിട്ടീല്ല.

ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ദ്യശ്യമാധ്യമങ്ങളും , പത്രമാസികകളും ഇത്രയധികം ഉള്ള ഒരു സംസ്ഥാനം വേറെയുണ്ടാവാൻ വഴിയില്ല അവ നേർവഴി കാട്ടികൊടുക്കുകയല്ല ചെയ്യുന്നത് മലയാളിയുടെ സംസ്കാരികബോധമെത്രയാണന്നു തുറന്നു കാട്ടുകയാണു ചെയ്യുന്നത്. പരോപകാരം ചെയ്യുകയില്ല എന്നതോ പോട്ടെ മറ്റുള്ളവരെ പറ്റി ഇല്ലാ കഥകൾ

 മെനഞ്ഞുണ്ടാക്കാനും മലയാളി മിടുക്കനാണു. ഇവിടെ ഗൾഫ് നാടുകളിൽ മലബാറി എന്നറിയപെടുന്ന മലയാളി ഒരു സംഭവം തന്നെയാണു. ഞങ്ങൾക്കു മാത്രമേ ബുദ്ധിയും വിവേകവുമുള്ളു എന്നു നടിക്കുന്ന മലയാളി മറ്റുള്ളവരെ ഉപദ്രവിക്കാനാണു തന്റെ ബുദ്ധിയും വിവേകവും ഉപയോഗിക്കുന്നതെന്നു മാത്രം.അഹങ്കാരം തലയ്ക്ക് പിടിക്കുന്നതു കൊണ്ടാണു ഇതൊക്കെ നടക്കുന്നത് . മലയാളികളെ എല്ലാവരെയും അടച്ചാക്ഷേപിക്കുകയാണു എന്നു വിചാരിക്കരുത് ഇതിനിടയിൽ നല്ലവരായ ഒട്ടനവധി മലയാളികൾ ഉണ്ട് സഹ്രദയരായ ഇവരെ കൂടി നാണം കെടുത്തുന്ന ഭൂരിപക്ഷമാണു എപ്പോഴും വിജയിക്കുന്നത് എന്നു മാത്രം....

 
PRAVEEN ATTUKAL