Sunday 11 November 2012

ഈയാഴ്ചയിലാദ്യം (9)


ഇത്തവണ ഞാൻ എഴുതുന്നത് സ്നേഹത്തെ കുറിച്ചാണു, നെറ്റിചുളിക്കാൻ വരട്ടെ ഇത് നമ്മുക്ക് നഷ്ടപെട്ടുപോയ അല്ലെങ്കിൽ നമ്മൊളൊരിക്കലും വേണ്ട ശ്രദ്ധ കൊടുക്കാൻ മറന്ന കുറച്ചു സ്നേഹങ്ങളെ കുറിച്ചുമാത്രം, ഈയിടെ ഞാനെവിടെയോ വായിച്ചു നമ്മുക്കൊരിക്കലും മറക്കാൻ പറ്റാത്ത മണങ്ങളെ കുറിച്ച് , മൂക്കിന്റെ തുമ്പിലിപ്പോഴും വാസനയുയർത്തുന്ന ഓർമ്മകളൂടെ ഒരുകൂട്ടം മണങ്ങളെ കുറിച്ചു

അതുപോലെ മനസ്സിൽ മധുരമുണർത്തുന്ന കുറച്ചു സ്നേഹത്തെ കുറിച്ചാവാം ഇത്തവണ............വരൂ നമ്മുക്ക് തിരിച്ചുനടക്കാം തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു പണ്ട് പണ്ട് മായാത്ത ഓർമ്മകളുടെ മാമ്പഴക്കാലത്തിലേയ്ക്ക്............

കമുക്കിൻ പാളയിൽ വണ്ടിയോടിച്ച് കളിച്ച് ചെമ്മണ്ണു പുരണ്ട കറുത്ത വള്ളിനിക്കറുമായി പേടിച്ച് പേടിച്ച് വീട്ടിലെത്തുമ്പോൾ വാതോരാതെ വഴക്കുപറഞ്ഞു വാൽസല്ല്യത്തോടെ അടുത്തു പിടിച്ചിരുത്തി ശരീരം മുഴുവൻ നല്ലമണമുള്ള ഉള്ളിമൂപ്പിച്ച എണ്ണ തേയ്ച്ച് പിടിപ്പിക്കുകയും തണുത്തുറഞ്ഞ കിണറ്റുവെള്ളം കോരി കുളിർപ്പിച്ച് തലയിൽ രാസനാദി പൊടി തിരുമ്മിപിടിപ്പിക്കുകയും ചെയ്തിരുന്ന അമ്മയുടെ സ്നേഹമാണെനിക്കാദ്യം ഓർമ്മവരുന്നത്, എത്രയൊക്കെ വഴക്കുപറഞ്ഞാലും തുടയിൽ തിരുമ്മി വേദനിപ്പിച്ചാലും മടിയിൽ തലചായ്ച്കിടക്കുമ്പോൾ തലമുടിയിലൂടെ അമ്മ വിരലോടിക്കുമ്പോൾ കിട്ടുന്ന സ്നേഹം ഒരിക്കലും മറക്കാനാവാത്തത് , ചെറിയ കുറ്റിതലമുടി കിളിർത്ത താടി കൊണ്ട് മുഖത്ത് ഉമ്മവയ്ക്കുകയും, നെഞ്ചിൽ കിടത്തി കഥകൾ പറഞ്ഞു തരികയും ചെയ്യുന്ന അച്ഛന്റെ സ്നേഹം, ആകാശത്തിലേയ്ക്ക് നമ്മെ ഉയർത്തിയെറിഞ്ഞു കൈകൊണ്ട് താങ്ങി നിർത്തുമ്പോൾ എത്ര ഉയരത്തിലാണു നമ്മളെന്നറിയാമെങ്കിലും കരുതലോടെ അച്ഛൻ താങ്ങാനുണ്ടാകുമെന്നറിയുമ്പോൾ അച്ഛന്റെ സ്നേഹം വിലമതിക്കാനാവാത്തത്, നന്മ ചെയ്യാനാണു നാം ആദ്യം പഠിക്കേണ്ടതെന്നും സഹജീവികളോട് കരുണയുണ്ടാകണമെന്നും നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്ന,  വീട്ടിലെ പശുവിനെയും പട്ടിയെയും പൂച്ചയെയുമൊക്കെ സ്വന്തം മക്കളെ പോലെ കരുതി സ്നേഹിക്കുന്ന മുത്തശ്ശന്റെ സ്നേഹം, കൈപിടിച്ച് നീണ്ട പാടവരമ്പിലൂടെ കാഴ്ചയും പഴമയും കണ്ട് നടക്കുമ്പോഴുള്ള സുഖകരമായ സ്നേഹം പുഴയിൽ സ്വന്തം കൈകളിൽ കിടത്തി നിന്താൻ പഠിപ്പിക്കുമ്പോൾ ബലിഷ്ഠമായ കൈകൾ നല്ക്കുന്ന സ്നേഹം ഇപ്പോഴും ചുറ്റിലും തങ്ങിനില്ക്കുന്നപോലെ. അമ്മയും അച്ഛനുമൊക്കെ വഴക്കു പറയുകയും, ദേഷ്യപെടുകയും ഒക്കെ ചെയ്യുന്ന സമയം ലൈബോയ് സോപ്പിന്റെ മണമുള്ള ചന്ദന നിറമുള്ള അമ്മുമ്മയുടെ തണലാകുന്ന സ്നേഹം, നാമം ചൊല്ലാനൊപ്പമിരുത്തുകയും, സ്നേഹത്തൊടെ ഗുണപാഠകഥകൾ മാത്രം പറഞ്ഞു തരികയും ചെയ്യുന്ന അമ്മുമ്മയുടെ സ്നേഹം, അയ്ല്ക്കാരെ കൂടെ നിർത്തണമെന്നും അവരിൽ യാതൊരു വ്യത്യാസവും കാണരുതെന്നും സന്തോഷങ്ങൾ ഒറ്റയ്ക്കാഘോഷിക്കാനുള്ളതല്ലന്നും അന്യരുടെ ദു:ഖങ്ങൾക്കും ചെവികൊടുക്കണമെന്നും പഠിപ്പിക്കുന്ന അമ്മുമ്മയുടെ സ്നേഹം.

നിറഞ്ഞ കല്പടവുകൾ കയറിയെത്തുമ്പോൾ കുശലാന്വഷണങ്ങളുമായി കീറ ഇലയിൽ ചന്ദനവും തെച്ചിപൂവും കൈയിലെറിഞ്ഞു തരുന്ന വയസ്സൻ പോറ്റിയുടെ പിറകിൽ കാരുണ്യത്തോടെ എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം എന്നെ സ്നേഹിക്കുന്ന എന്റെ നാടിനെ സ്നേഹിക്കുന്ന  ഭഗവതിയുടെ സ്നേഹം ഇന്നും എന്നെ നേർവഴി നടത്തുന്ന നിറഞ്ഞ സ്നേഹം

വെളുത്ത പെറ്റികോട്ടിട്ട് എന്റെ കൈകവർന്നു വെളുത്തു കൊലുന്നനെയുള്ള എന്റെ കുഞ്ഞിപെങ്ങളുടെ സ്നേഹം എന്നും പിണക്കമാണെങ്ങിലും എന്തിനുമേതിനും തല്ലുകൂടുമെങ്ങിലും എന്റെ മുഖം വാടിയാൽ കണ്ണൂ നിറയുന്ന എന്റെ കൂടെപിറപ്പിന്റെ സ്നേഹം, ഫുൾകൈ ഷർട്ടും തെറുത്തുകയറ്റി ചെറിയ തെറ്റിനുപോലും ചെവിചുവപ്പിക്കുന്ന വലിയ ഭാവത്തിൽ നടക്കുന്ന എന്റെ ഏട്ടന്റെ സ്നേഹം, ഉസ്കൂളിലെന്നെ ആരെങ്കിലും വേദനിപ്പിച്ചെന്നറിഞ്ഞാൽ വിയർപ്പിൽ കുളിച്ചോടി വന്നെന്നെ നോക്കുന്ന എന്റെ പ്രിയ സഹോദരന്റെ സ്നേഹം.

ഓണവും വിഷുവും ദീപാവലിയുമൊക്കെ പോലെ വർഷത്തിലൊരിക്കൽ മാത്രം വന്നെത്തുന്ന അമ്മാവന്റെ സ്നേഹം കൈയ്യിൽ മധുരപലഹാരങ്ങളും പുത്തനുടുപ്പുകളുമായി ദൂരെനിന്നും അവധിക്കാലമാഘോഷിക്കാനെത്തുന്ന സ്നേഹം.

വളരെ കർക്കശക്കാരാണങ്കിലും, ചെറുചിരിയോടെ ചുമലിൽ തട്ടി അഭിനന്ദിക്കുന്ന എന്റെ ഗുരുനാഥന്മാരുടെ സ്നേഹം, കഥകളിലൂടെയും, കവിതകളിലൂടെയും നാടിനെ നാടിന്റെ നന്മകളെ തൊട്ടറിയാൻ പഠിപ്പിച്ച നിറഞ്ഞ സ്നേഹം, വിയർപ്പൊട്ടിയ കൈകളിൽ നാരങ്ങാമിട്ടായൊളിപ്പിച്ച് പിൻ ബഞ്ചിലിരുന്നു തമാശകൾ പറഞ്ഞു ചിരിപ്പിക്കുകയും ദാരിദ്രത്തെ  ഓർമ്മിപ്പിച്ച് സങ്കടപെടുത്തുകയും ചെയ്യുന്ന ബാല്ല്യകാല സുഹ്രത്തിന്റെ സ്നേഹം, ബഷീറെന്നും, തോമസ്സെന്നും, ക്യഷ്ണനെന്നും നമ്മൾ വിളിച്ചിരുന്ന ആത്മാർഥ സ്നേഹം

ചൂടുമാറാത്ത ബിരിയാണിയും, നെയ്യ് ചോറും നെയ്യ് പത്തിരിയുമൊക്കെയായി ഞങ്ങൾ കൊണ്ടാടിയിരുന്ന പെരുന്നാളും , ക്രിസ്മസ്സ് തലേന്നു രാത്രിമുഴുവൻ പുല്ക്കുടും നഷ്ത്രവിളക്കുകളുമായി ആഘോഷിച്ചിരുന്ന അയല്പക്കങ്ങളിലെ സ്നേഹം, അടപ്പുപാത്രത്തിൽ വീട്ടിലുണ്ടാക്കിയ പ്രത്യേക വിഭവുമായി അടുക്കളവഴി അമ്മയെ വിളിച്ചു കയറിവരുന്ന ഞങ്ങൾ വീട്ടിലെല്ലാവരും കൊതിയോടെ രുചിച്ചിരുന്ന പലഹാരങ്ങളുടെ ദാതാവായ സുബൈദതാത്തയെന്ന് അമ്മയും ഉമ്മയെന്ന് ഞങ്ങളും വിളിച്ചിരുന്ന ഞങ്ങളുടെ പ്രിയപെട്ടവരുടെ സ്നേഹം. ഉസ്കുളിലേയ്ക്കുള്ള വഴിയിൽ ആകെയുണ്ടായിരുന്ന പീഠിക കറിയാച്ചനെന്നു പ്രായഭേദമെന്യേ എല്ലാരും വിളിച്ചിരുന്ന കടയുടമയുടെ അല്പം തമാശയുള്ള കുശലം പറച്ചിലിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹം

 

മുടി രണ്ടായി പകുത്തു ചീകികെട്ടി, പുസ്തകങ്ങളെ മാറോടടുക്കി വഴിയോരെത്തുന്നും കാത്തു നില്ക്കുന്ന ബാല്ല്യകാല സഖിയുടെ സ്നേഹം, അതൊരു പ്രണയമേ അല്ലായിരുന്നിട്ടുകൂടി ഇന്നും മറന്നുപോകാത്തതാണു സ്നേഹം

ഇങ്ങനെയെത്രയെത്ര സ്നേഹങ്ങളെയാണു നാം വഴിയിൽ ഉപേക്ഷിച്ചു പോയത് ഒരിക്കലും പൊരുത്തപെട്ടുപോകാൻ കഴിയാത്ത സ്വന്തം കാര്യങ്ങൾക്ക് മാത്രം സ്നേഹം നടിക്കുന്ന സ്വാർഥമായ സ്നേഹങ്ങളെയാണു നമ്മൾ ഇന്നു ചേർത്തുവയ്ക്കുന്നത് നഷ്ട്പെട്ടതിന്റെ വിലയറിയാതെ. പുതിയ തലമുറയ്ക്കാവട്ടെ നാം പകർന്നുകൊടുക്കുന്നത് വിലകൊടുത്തു വാങ്ങാവുന്ന സ്നേഹബന്ധങ്ങളും അവയൊക്കെ കാശിന്റെ പകിട്ടു തീരുവോളം തിളക്കമുള്ളതായിരിക്കും സമ്പത്തിന്റെ കുറവനുസരിച്ച് സ്നേഹപ്രകടനത്തിന്റെ അളവും കുറയും. പത്തരമാറ്റുള്ള സ്നേഹത്തെ മറന്നു സ്വാർഥതയേറിയ സ്നേഹത്തെ അന്വഷിക്കുന്ന നമ്മുടെ പുതുതലമുറ ശരിക്കും നഷ്ടങ്ങളുടെ നീണ്ട ഭാരം പേറുന്നവരാണു

Praveen.V.R.Attukal

 

No comments:

Post a Comment