Wednesday 26 March 2014

അടുക്കളയിൽ തേങ്ങാചമ്മന്തിയുടെ വാസന
അടുപ്പത്ത് നേർത്ത് മൊരിഞ്ഞ ചൂട് ദോശ
പശുവിൻപാലൊഴിച്ച് കൊഴുപ്പിച്ച കടുത്ത ചായ
പാത്രത്തിൽ നിറഞ്ഞങ്ങനെ പൂവൻ പഴവും ചെറുപഴവും
വിളിച്ചുണർത്തുന്നത് അമ്മ
വിളിപുറത്ത് അമ്പലകുളം
തേയ്ച്ചുകുളിക്കാൻ ഈഞ്ച
തലയിൽ തേയ്ക്കാൻ കൈതോന്നിയെണ്ണ
മനം നിറഞ്ഞ് ആലിലകണ്ണൻ
മധുരം ചാലിച്ച വെണ്ണ
കൈതപൂവിന്റെ മണം
കൊതിയോടെ വേകുന്ന പുന്നെല്ലുപായസം
സ്വർണ്ണവർണ്ണത്തിലതിരിട്ട നെല്പാടങ്ങൾ
സർവ്വവും മറക്കുവാൻ പറയുന്ന ഇളം കാറ്റ്
കാതിലൊരിമ്പമായി പാദസ്വരകിലുക്കം
കണ്ടിട്ടും കാണാത്തൊരിഷ്ടം
അമ്പലമണിയല്ല ആറരയുടെ അലാറം
അമ്പലവും ആൽത്തറയും ഇളം കാറ്റുമൊക്കെ
സ്വപ്നങ്ങൾ കലാകാരന്മാരാണു തീർച്ച
സ്വർഗ്ഗത്തിലേയ്ക്കു അവ നമ്മെയും കുട്ടാറുണ്ട്
പിറന്ന നാടൊരു സ്വർഗ്ഗം തന്നെ
പ്രവാസികൾക്കെങ്കിലും ........

Monday 24 March 2014

മഴക്കാലത്താണു,  സൗഹ്രദത്തിന്റെ കുടചൂടി
മുഖപുസ്തകത്തിലെത്തുന്നത്
മനുഷ്യത്വത്തിന്റെ ചായമുണങ്ങുന്നതു വരെ
മഴ നനയാതെ നില്ക്കാമെന്നു കരുതി
മതവാദികളും മതേതരവാദികളും ചേർന്ന്
മഴയത്തേയ്ക്കു പിടിച്ചു തള്ളി
മനുഷ്യത്വത്തിന്റെ കടുത്ത ചായം ഉരുകിയൊലിക്കുന്നത്
മൗനമായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു
മനുഷ്യനായി മാറാനെത്തിയവരൊക്കെയും
മികച്ച മതാനുഭാവികളായി മാറി

Wednesday 19 March 2014

“ബാഷ്പാഞ്ജലിയോടെ പ്രണാമം”

വിടരുന്നതിൻ മുന്നേ കൊഴിഞ്ഞതീ ചെമ്പകം......
വാനിൽ തിളക്കമേറുന്നതാം താരകം
കശക്കിയെറിഞ്ഞു കളഞ്ഞെങ്കിലും രാജീവനീ
കരളിൽ നിറഞ്ഞുനില്ക്കയാണു ജീവനായി
അങ്ങു തെളിച്ചതാം പാതയാണിപ്പോഴും ...
ഞങ്ങൾ യുവാക്കൾക്കു യാത്രയൊരുക്കുന്നതും
അങ്ങു കൊളുത്തിയ ദീപമാം വാക്കുകൾ
ഞങ്ങൾക്കിരുട്ടിൽ വെളിച്ചമാകുന്നതും
ഇൻഡ്യയെകുറിച്ചങ്ങു കണ്ടകിനാക്കൾ
ഇനി വരും നാളൊന്നിൽ യാഥാർഥമാകുന്നതും
വികസനത്തിൻ ചിറകിലേറി നമ്മൾ
വിദൂരത്തിലേയ്ക്കു കുതിച്ചുയരുന്നതും
മാർഗദർശിയായി കുടെയുണ്ടാവുമീ ചിത്രം
മരിക്കാത്ത ദീപ്തസ്മരണകൾ മാതിരി

Tuesday 11 March 2014

പഠിക്കാൻ പോകുമ്പോഴാണു കാണിക്ക വഞ്ചി കാണുന്നത്
പള്ളികുടത്തിൽ പോകാത്ത ദൈവത്തിനു കോടികൾ
പുത്തനാശയത്തിനു രുപം കൊടുക്കാൻ
പുസ്തകങ്ങൾ അമ്പലകുളത്തിലേയ്ക്ക്

ആല്മരത്തിനു ചുവട്ടിൽ ചമ്രം പടിഞ്ഞിരിപ്പായി
ആദ്യമാദ്യം അന്നത്തിനുള്ളതായി പിന്നെ
ആതുരാലയങ്ങളും അനാഥശാലകളുമായി
ആത്മവ്യാപാരശാലകളിൽ മനുഷ്യമാംസം വരെയായി
ദൈവത്തിനിപ്പോൾ തിരക്കുകളേയില്ല
കാണിക്കവഞ്ചിയ്ക്ക് പഴയ ഭാരവും,
ഞങ്ങൾക്കു വേണ്ടത്,
കെട്ടിപിടിക്കാത്ത ഉമ്മവയ്ക്കാത്ത പാവ ദൈവത്തെയല്ല
ആത്മീയതയുടെ മൊത്തവ്യാപാരിയായ ആൾദൈവത്തെ
ശുഭവസ്ത്രധാരിയായ ഒരു മതവികാരം
എന്റെ മനസിലും വ്യണപെടുന്നുണ്ട്
അത്, വിശ്വാസം വ്യണപെട്ടതുകൊണ്ടല്ല
വ്യാപാരം വ്യണപെട്ടതുകൊണ്ടാണു


Saturday 8 March 2014


കാച്ചെണ്ണയും രാസനാദിപൊടിയും മണക്കുന്ന
പഴമയുടെ മണമുള്ള അമ്മമ്മയുടെ മുറി
വാൽസല്ല്യത്തോടെ മാറ്റിവയ്ക്കുന്ന നാണയതുട്ടുകൾ
സ്നേഹം ചാലിച്ച് ഉപ്പും പുളിയും മുളകുമലിയിച്ച്
അമ്മയുരുട്ടി തരുന്ന പച്ചരിചോറിന്റെ രുചി
പള്ളികുടത്തിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ
പടിവാതിക്കലമ്മയുടെ ആകാംഷപൂണ്ട നോട്ടം
എത്രവട്ടം തല്ലിപിണങ്ങിയാലും
പിന്നെയും തല്ലുവാങ്ങുവാനെത്തുന്ന കുഞ്ഞുപെങ്ങൾ
അച്ഛന്റെ തല്ലിലെൻ മനസുനോവുമ്പോൾ
കണ്ണീർതുടയ്ക്കുന്ന സ്നേഹവായ്പ്
താലിചരടിൽ ഞാൻ കോർത്തെടുത്ത ബന്ധം
തരളിത സ്നേഹത്തിന്റെ താങ്ങായ് മാറുന്നു
പരിഭവത്തിന്റെ നേർത്ത പിണക്കങ്ങളുണ്ടെങ്കിലും
പ്രിയതമയൊരാശ്വാസമാകുന്നു
കുഞ്ഞു കാലടികൾ ചവിട്ടയവളീ
നെഞ്ചിലേറി മാനം കാണുമ്പോൾ
കഠിനമാകുമേതച്ഛന്റെ ഹ്യദയവും
മാനുഷ്യത്തിന്റെ മധുരം രുചിക്കുന്നു
സ്ത്രീകൾ ഇവരെന്റെ വീട്ടുകാരവർ
നേർവഴികാട്ടി ചുറ്റും സുഗന്ധം വിരിക്കുമ്പോൾ
കാണുവതെങ്ങനെ മറിച്ചൊരു കാഴ്ചകൾ
മഞ്ഞനിറമുള്ള കണ്ണട ചാർത്തി ഞാൻ