Wednesday, 21 January 2015


ഗാന്ധി ഓർമ്മകൾ വാടിതുടങ്ങുകയും
ഗോഡ്സേ വിപ്ളവം വിടരുകയും ചെയ്യുന്ന നാളിലേയ്ക്ക്
പടകോപ്പും പടച്ചട്ടയുമണിഞ്ഞ് ഒബാമയെത്തുന്നു
ഭരണഘടനതിരുത്തിയിട്ടായാലും സ്വീകരിക്കണമീ
ആത്മാവിഷ്കാര സ്വാതന്ത്രത്തിന്റെ സൂഷിപ്പുകാരനെ
അഭിപ്രായസ്വാതന്ത്രത്തെ കശാപുചെയ്യുന്നവരെകൊണ്ടുവേണം
ജനാധിപത്യ ലോക മാതൃകയ്ക്കു അഭിവാദ്യമർപ്പിക്കേണ്ടത്
എന്ന ലോകതത്വത്തിന്റെ അടിസ്ഥാനത്തിൽ
ഒബാമാ താങ്കൾക്കു സ്വാഗതം
സദ്ദാമിനെയും വിയറ്റ്നാമിനെയും ഓർക്കുമ്പോൾ
ഒബാമ, എനിക്കു മുഷ്ടിചുരുട്ടണമെന്നുണ്ട്
പക്ഷേ ഞാനൊരു ആതിഥേയനാണൂ
ഭാരതം സഹിഷ്ണുതയുടേതും
ഒബാമ, ഞങ്ങളിൽ ചിലരവിടെയെത്തുമ്പോൾ
തുണിയുരിഞ്ഞു തീവ്രവാദത്തിന്റെ കറ തിരയുന്ന
കടുത്ത കാവല്ക്കാരനാണു അങ്ങെങ്കിലും
ഞങ്ങൾ അങ്ങേയ്ക്കായി ഇതാ നഗ്നരാവുന്നു
ഒബാമ, അങ്ങേയ്ക്കു സ്വാഗതം
ഇവിടെയീ മണ്ണു ചവിട്ടികുഴക്കാൻ പാകത്തിലുള്ളതാക്കി
കടന്നു പോകുക ബാക്കിയുള്ളത് ഇവിടെയുള്ളവർ ചെയ്തോളും
ഞങ്ങൾ കടുത്ത പുരോഗമനവാദികളാണു പക്ഷേ
അമേരിക്ക ഞങ്ങളെ മുട്ടിടിപ്പിക്കുന്നു
ഞങ്ങളാണു ജനാധിപത്യത്തെ സൃഷ്ടിച്ചത് പക്ഷേ
ബാർ കോടുള്ള പാക്കറ്റിലായപ്പോഴാണു അംഗീകരിച്ചത്
നാല്പത്തിയേഴ് ഒരോർമ്മമാത്രമാണു അവരിപ്പോ
നല്ല ശമരിയാക്കാരും


 

Tuesday, 20 January 2015

എന്തേ നമ്മളിങ്ങനെ എന്തേ നമ്മളിങ്ങനെ
***************************************************************
നന്മകണ്ടാലുമതിലുള്ളിൽ ചികഞ്ഞു നമ്മൾ
തിന്മതിരയുന്നതെന്തിങ്ങനെ
ജാതിപറഞ്ഞും ജാതകം ചോദിച്ചും......
ജീവിതം നീക്കുന്നതെന്തിങ്ങനെ നമ്മൾ
ജീവിച്ചു തീർക്കുന്നതെന്തിങ്ങനെ
ഗ്രന്ഥം പഠിച്ചിട്ട് ഗ്രന്ഥത്തിന്റെ പേരിൽ
തമ്മിൽ തല്ലുന്നതെന്തിങ്ങനെ
ചോരയ്ക്കെല്ലാം ചുവപ്പെന്നറിഞ്ഞിട്ടും
തമ്മിൽ വെറുപ്പ് പടർത്തുന്നതെന്തിങ്ങനെ
ചേലുള്ള പൂവിന്റെ ചന്തം നുകരുമ്പോൾ
മുള്ളു തിരയുന്നതെന്തിങ്ങനെ
വാക്കുകൾ കൊണ്ടു നാം വാതുവച്ചീടുമ്പോൾ
വാളെടുക്കുന്നതെന്തിങ്ങനെ
കുന്നിടിച്ചവർ മണ്ണെടുക്കുമ്പോൾ
കണ്ണടയ്ക്കുന്നതെന്തിങ്ങനെ നമ്മൾ
കൈകെട്ടി നില്ക്കുന്നതെന്തിങ്ങനെ
വെള്ളമൂറ്റി വലിച്ചെറിഞ്ഞു കളഞ്ഞൊരീ പുഴകളിൽ
മണ്ണുമാന്തിയെന്ത്രങ്ങളെത്തുമ്പോൾ
മുഷ്ടിയുയർത്തി തടയുവാനാകാതെ
മുഖമൊളിപ്പിച്ചു ചിരിക്കുന്നതെന്തിങ്ങനെ
തിന്നെറിയുന്ന ചവറുകൾ ചേർന്നൊരു കുന്നായി
വന്നു ദുർഗന്ധം പരത്തുമ്പോൾ
പഴിപറഞ്ഞു കൈകഴുകുന്ന നല്ല സമര്യക്കാരനായതെങ്ങനെ
സ്ത്രീകളെ കാണുമ്പോൾ ഞരമ്പുപിടയ്ക്കുന്ന
വെറുപ്പിനെ സോദരനായതെങ്ങനെ നമ്മൾ
പീഡനവീരന്മാരായതെങ്ങനെ
കള്ളുകുടിച്ചിട്ട് പെണ്ണിനെ തല്ലുന്ന
കള്ളന്മാരായതെന്തിങ്ങനെ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ പിറന്നിട്ട്
ചെകുത്താന്റെ ഗുണങ്ങളെന്തിങ്ങനെ

Monday, 19 January 2015

ഇനി വരുന്നൊരു കാലമിവിടെ ഇടതുപക്ഷം കാണുമോ
തോറ്റുപോയ സമരങ്ങൾ അതിൽ നാണം കെട്ടൊരു വിവാദവും
ഭരണം കിട്ടാൻ പിടച്ചിലാണിവിടെയോരോ കക്ഷിയും
ഏറാൻ മൂളി കുടെ നില്കും ഈക്കീൽ പാർട്ടികൾ സകലതും
മാർക്സ് പോലും നാണം കെട്ട് തലകുനിക്കും നാളുകൾ
ഇവിടെ മുഴുവൻ വരട്ടുവാദ വിത്തുകൾ  മൗനങ്ങൾ

ഇനി വരുന്നൊരു തലമുറയ്ക്ക് കമ്മ്യുണിസം സാധ്യമോ
വിഭാഗീയതയുടെ മർമ്മരം എങ്ങും
അടക്കിവച്ചൊരു വിമതസ്വരം
ഒക്കെയിന്നും ശക്തിയോടെ
ഉയർന്നു കേൾക്കുന്നു രോദനം

തത്വങ്ങൾ മാഞ്ഞൊരു സി.പി.എം
ഇനിയൊരിക്കലും വരാത്ത ഭൂതകാലം
നാളെ ഇതൊരു സ്മാരകം
മാഞ്ഞുപോയൊരു സിദ്ധാന്തം

ഇവിടെയുള്ളൊരു യുവജനത സി.പി.എമ്മിനെ ഓർക്കുമോ

വാട്ടർ പാർക്കുകൾ, ചാനൽ മന്ദിരം, ലോട്ടറിയും, ചാക്കുമായി
ഇനിയിവിടെ ചുവപ്പ് വേണ്ടന്നൊരുമിച്ചു നമ്മൾക്കു ചൊല്ലിടാം
രാഷ്ട്രീയമത് ജനങ്ങൾക്കു വേണ്ടിയാകണം
രാഷ്ട്രീയം അത് നന്മ പുലരാനാകണം
കൊല്ലുകൊലവിളിസ്മാരകം തകർക്കൽ
ഇവിടെ സി.പി.എം വളരുമോ

ഇനി വരുന്നൊരു തലമുറ സി.പി.ഐയെ അറിയുമോ

സീറ്റുപോലും വിറ്റുകാശ് കീശയിലാക്കിയ സഖാക്കൾ
ചുട്ടെരിച്ചു കളഞ്ഞുവോ സോഷലിസത്തിൻ ആശയം
കോൺഗ്രസ്സിനോട് ചേർന്നു നിന്നാൽ ഇനിയും നിങ്ങൾക്കുണർന്നിടാം
ഒരുമയോടെ നീങ്ങിടാം വർഗ്ഗിയതെയ്ക്കിരെ പൊരുതിടാം





Wednesday, 31 December 2014

മഞ്ഞും മഴക്കാറുമീ കൊച്ചു തെന്നലും
മായാത്ത നിദ്രതൻ ആലസ്യലാസ്യവും
പുതുവർഷപുലരി വിളിക്കുന്നിതാദ്രമായി
പുതിയ പ്രതീക്ഷതൻ വർണ്ണങ്ങളൊരുക്കുവാൻ
"ശുഭദിനം"

Saturday, 20 December 2014


വരണ്ടയീ മണ്ണിൽ കണ്ണീർ തളിച്ചു
വിയർപ്പുപ്പു വളമാക്കി കിനാവു നട്ടു
പൊട്ടി മുളച്ച ചിന്തതൻ കളകൾ
പൊട്ടിചിരികൊണ്ട് മുടിവച്ചു
വിരഹത്തിൽ നോവും ഹൃത്തിൽ നാമെല്ലാം
വിങ്ങലടക്കിയൊതുക്കി വച്ചു
എങ്കിലും പ്രവാസമേ പിരിയുവതെങ്ങനെ ഞാൻ

Wednesday, 17 December 2014

കുഞ്ഞു ചകിരി നാരുകൾ കൊണ്ടവർ
കൊച്ചുകളിവീടുണ്ടാക്കി കളിക്കുന്നു
കാറ്റേ വീശി പറത്തികളയരുതിളം
കാറ്റിലുലഞ്ഞവർ ചിരിച്ചുവളരട്ടെ
മുത്തുപോലുള്ളൊരീ പുഞ്ചിരിയെന്തിനു
മരണം കൊടുത്തു കെടുത്തികളയുന്നു
മുത്തുനബിയുടെ പൊന്നോമനകളിവർ
മുത്തം കൊടുത്തു വളർത്തിയെടുക്കുക
ഏതുദേശവേഷഭുഷാദികളെങ്കിലും മക്കൾ
സർവ്വേശ്വരന്റെ സ്യഷ്ടികൾ സ്വത്തുക്കൾ
ഏകോദരസോദരർ നമ്മളീ ലോകത്തിൽ
സമാധാനത്തിന്റെ വിത്തുവിതയ്ക്കുക
മതങ്ങൾ കൊണ്ടകലാതിരിക്കുവാൻ
മനുഷ്യഗുണഗണങ്ങൾ കൊടുത്തു വളർത്തുക
മഞ്ഞുപോൽ നേർത്തൊരീ പുഞ്ചിരി വിശ്വത്തിൽ
മനസുകൾ തമ്മിലൊരൈക്യം വളർത്തട്ടെ

Thursday, 11 December 2014

വാക്കുകൾ കൊണ്ടു വിഷം തളിച്ചു നാം
വിസ്മരിച്ചീടുന്നു പവിത്രമീ സൗഹൃദം
നെഞ്ചകം പിളർത്തുന്ന വാളിനെക്കാൾ ഭീകരം
വഞ്ചനയൊളിപ്പിച്ചു ചിരിക്കുന്ന സൗഹൃദം

Tuesday, 4 November 2014

ഒരു പന്തിയിൽ രണ്ടു ഭോജനം


അതിജീവനത്തിനു ചുംമ്പനം വില്ക്കുന്നവരും
പുരോഗമനത്തിനു ചുംമ്പനം വില്ക്കുന്നവരുമുണ്ട്
വിശപ്പകറ്റാൻ തുണിയുരിയുന്നവരും
വിപ്ളവം വരുത്താൻ തുണിയുപേക്ഷിക്കുന്നവരുമുണ്ട്
മറയ്ക്കാനുള്ളതിനു വഴികാണാതെ ഒരു പക്ഷം
മറയ്ക്കേണ്ടതൊക്കെ തുറന്നു കാട്ടുന്ന മറുപക്ഷം
എന്നാൽ ആദ്യത്തെ കൂട്ടർ തൊട്ടുകുടാത്തവരും
രണ്ടാമത്തെ കുട്ടർ വിശിഷ്ടാഥികളുമാകുന്നു
പുരോഗമനവാദികൾ യഥേഷ്ടം അശ്ലീലം വിളമ്പുന്നു
കൈയ്യടിച്ചും ആർത്തുവിളിച്ചും നാമവയെ ഭക്ഷിക്കുന്നു
ശ്ലീലമെങ്കിലും അശ്ലിലമാകുമോ എന്നു ഭയക്കുന്നവരെ
നമ്മൾ അയിത്തം പറഞ്ഞു മാറ്റിനിർത്തുന്നു
ഒരു പന്തിയിൽ രണ്ടു ഭോജനം

Monday, 15 September 2014

മാസ്മരിക വർണ്ണങ്ങളൊരുക്കി
മാടിവിളിക്കുന്നു ക്ഷണികമീ ജീവിതം
സന്തോഷാശ്രു കണ്ണൂനീർ തുള്ളികൾ
സമ്മിശ്രവികാര സല്ലാപ ലോകം
ഇന്നത്തെ സ്നേഹിതൻ നാളെ നിശാചരൻ
ഇവിടെ കാപട്യമലങ്കാരം ഭൂഷണം



Thursday, 11 September 2014


അരി തിളയ്ക്കുന്നതിനൊപ്പം
അമ്മയുടെ മനസും തിളയ്ക്കുന്നുണ്ട്
ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പുറത്തേയ്ക്ക്
ഇടറിയിടറി വരുന്നത് അച്ഛനാണോയെന്ന്
അടിയും തൊഴിയും തെറിയും കഴിഞ്ഞിന്നും
അമ്മയുടെ കണ്ണീരുപ്പ് കലർന്ന കഞ്ഞി കുടിക്കണം
ഉറക്കെ ചിരിക്കാതെയും ഉച്ചത്തിൽ കരയാതെയും
എത്രനാളിങ്ങനെ..................
കണ്ണീരിനില്ലാത്ത വിലയാണു കള്ളിനു
“കോടതി കോപ്പ്”

 

Sunday, 31 August 2014

ദിർഹവും ദിനാറും റിയാലുമങ്ങനെ
കനവിലൊരായിരം പ്രതീക്ഷകളിങ്ങനെ
മൂല്ല്യങ്ങളേറിയും കുറഞ്ഞും മനസിൽ
പീലിനിവർത്തിയാടുന്ന നേരം
പ്രയാസമാണെങ്കിലും പ്രവാസമേ...
പറിച്ചെറിയുന്നതെങ്ങനെ ഞാൻ നിന്നെ

Monday, 11 August 2014

കടമായിജന്മം കനിഞ്ഞു തന്നവൾ അമ്മ
കരക്കാരറിയെ കരം പകർന്നവൾ ഭാര്യ
കരളിൽ വാൽസല്ല്യ ചൂടുപകർന്നവൾ മകൾ
ഇങ്ങനെ ബന്ധങ്ങൾ ചുറ്റും നിറയുമ്പോൾ
അമ്മതൻ വയറ്റിലൊരുമിച്ചുറങ്ങണ്ട
ചരടിനാൽ ബന്ധിച്ചു വിളിച്ചുണർത്തണ്ട
ചാരത്തുനിൽപ്പവൾ സോദരിയെന്നറിയുവാൻ
രക്ഷചരടു ബന്ധിച്ചോർക്കണ്ട
രക്ഷാകവചമായി കൂടെയുണ്ടാവാൻ

Saturday, 26 July 2014

കണ്ണീരുപ്പു കുഴച്ചൊരുപിടി പച്ചരി ചോറുമായ്
കടന്നു പോകുന്നീവഴി കർക്കിടകം
രാമായണത്തിന്റെ നേർത്ത ശീലുകൾ
രാഗാദ്രമായിയെന്നെ തഴുകി തലോടുന്നു

മുപ്പതു നാളിലെ നോമ്പിന്റെ പുണ്യം
മുറുകെ പിടിച്ചെന്റെ സോദരൻ പറയുന്നു
കടന്നു പോകുന്നതൊരു ജന്മ സുകൃതം
കനിഞ്ഞു നല്കട്ടെ വിശുദ്ധിയും ശക്തിയും

കരളിൽ നമ്മുക്കെന്തു വെറുപ്പും, മടുപ്പും
കരങ്ങൾ കോർത്തിണക്കാം പൊറുക്കാം
വിശ്വാസം വ്യത്യസ്തമെങ്കിലും നമ്മളീ
വിശ്വത്തിൽ വന്നു പിറന്നവർ സോദരർ

പുണ്യനാളുകൾ പകുത്തു നല്കുന്നു
പങ്കുവയ്ക്കാനുള്ള മനസും മനുഷ്യത്വവും
വിശുദ്ധഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നു
വിലപെട്ട ജന്മം സ്നേഹം വളർത്താൻ

ഗ്രന്ഥങ്ങളെ ചൊല്ലി കലഹിച്ചു നമ്മളീ
ഗന്ധർവ്വലോകം കൊലക്കളമാക്കല്ലേ
പകർത്തുനല്കരുതാരും വിദ്വോഷം
പുണരാം പുണ്യനാളുകൾ സഹോദരരായി

Monday, 23 June 2014


അമ്മതൻ നെഞ്ചിലെ മധുരവുമീ കുഞ്ഞിനു
നുരഞ്ഞുപൊന്തുന്ന ലഹരിതൻ ദ്രാവകം
കെട്ടുപൊട്ടിക്കും വികാരതള്ളിച്ചയിൽ
പെട്ടുപോകുന്നു പേറ്റുനോവും താരാട്ടും
കേരളം വളരുന്നു ദേശദേശാന്തരങ്ങളിൽ
ഉയർത്താനാവാത്ത ശിരസുമായങ്ങനെ

Tuesday, 17 June 2014

നാളെ ഇവിടെ പിറക്കേണ്ട ഞങ്ങൾക്ക്
നീക്കിവച്ചിട്ടുള്ളതെന്താണൂ നിങ്ങൾ
ബാക്കിവച്ചിട്ടുള്ളതെന്താണു
ഞാറുമീ ഞാറ്റുവേലയും പണ്ടേ
ഞങ്ങളറിയാതെ വിറ്റില്ലേ
കാറ്റിനെ പോലും തടുത്തുനിർത്തി നിങ്ങൾ
കാടിനെ നാടാക്കി മാറ്റിയില്ലേ
മലയും പുഴയും മറന്നിട്ടു ഞങ്ങളീ
മരുഭൂമിയിൽ വന്നു പിറക്കണമോ
വികസനമെന്ന വീർപ്പുമുട്ടൽ കാട്ടി
വെളിച്ചം നിങ്ങൾ കെടുത്തികളഞ്ഞു
എങ്ങനെ ഞങ്ങൾ വെള്ളം കുടിക്കും
എങ്ങനെ ഞങ്ങൾ വായു ശ്വസിക്കും
നന്മതൻ പച്ചവിരിച്ചയീ ഭൂമിയെ
നന്ദിയില്ലാതെ നശിപ്പിച്ചവർ നിങ്ങൾ
ശുദ്ധജലവും പ്രാണവായുവും അമ്പേ
തച്ചുതകർത്തവർ നിങ്ങൾ
തലമുറയ്ക്കായി കരുതിവയ്ക്കാത്ത
തലതിരിഞ്ഞ പ്രക്യതിവിരോധികൾ

Saturday, 14 June 2014

നുരഞ്ഞുപൊന്തുന്നിളം കള്ളിൽ മുങ്ങി
തകർന്നു പോകരുത് നാളെതൻ യുവത്വം
എരിഞ്ഞു തീരും പുകചുരുളുകൾക്കിടയിൽ
എണ്ണിയൊടുങ്ങരുതീ ജന്മസുക്യതം
പടർത്തുന്നതെന്തും ലഹരി അശുദ്ധം
സിരകളിൽ അവയൊരു വെറുപ്പ് പകരും
സ്വബോധമില്ലാതെ കാട്ടും വിക്യതികൾ
സമാധാനമില്ലാത്ത കുടുംമ്പം രചിക്കും
ഗുരുദേവ പാതപിന്തുടരുക നമ്മൾ
ഖുറാൻ വചനങ്ങൾ ഉരുവിടുക നമ്മൾ
ലഹരിവസ്തുക്കളോരു മഹാവിപത്ത്
അയിത്തം കൊടുത്തവ ആട്ടികളയുക
ചെറുത്തു നമ്മൾ പണ്ടുമിതുപോൽ
കരുത്തുകാട്ടിയ വെള്ളപടയെ
നയിക്കാം നമ്മുക്കിനിയുമൊരു സമരം
യുവത്വത്തെ കാർന്ന ലഹരിയ്ക്കെതിരെ
ഒരുമിച്ചു ചേരാം ഒരുമിച്ചു പറയാം
ഒരിക്കലും വേണ്ടയീ ലഹരിതൻ കരുത്ത്
നാളെത്തെ യുവത്വമുണരട്ടെ ബോധത്താൽ
അണിചേരുക നമ്മളീ സമരത്തിൽ വീണ്ടും

 

Sunday, 8 June 2014

വറുതിയും അരവയറുമെങ്കിലും പണ്ടത്തെ
വറ്റാത്ത നന്മയിൽ വളർന്നവർ നമ്മൾ
വെളുക്കെ ചിരിച്ചു വെറുപ്പു പടർത്തി പെട്ടെന്നു
വെറുക്കപെട്ടവരായി മാറിയതെങ്ങനെ
ഹ്യത്തിന്റെ ബന്ധനം പൊട്ടിച്ചെറിഞ്ഞത്
ഹർഷാരവത്തോടെ അയലുകൾ പുണർന്നതും
മതിലുകളില്ലാത്ത സൗഹ്രദസദസുകൾ
മതസൗഹാർദ്ദത്തിന്റെ കരുത്തു പകർന്നതും
എനിക്കു നിനക്കെന്നു ഭേദങ്ങളില്ലാത്ത
എത്രയോ അത്താഴപട്ടിണി രാവുകൾ
ഉള്ളതിലല്പം പങ്കിട്ടു കഴിക്കുവാൻ നമ്മൾ
ഉണ്ണാത്തവനെ ചെന്നു വിളിക്കുന്ന കാലം
ഓർക്കുവാൻ മാത്രമേ സാധിക്കുവെങ്കിലും
ഓർമ്മയിൽ തിളക്കമേറുന്നു ബാല്ല്യം
കാലത്തിനൊപ്പം കുതിച്ചു പാഞ്ഞു നമ്മൾ
കോലം കെട്ടിമറിഞ്ഞു, കണ്ടാലറിയാതെ  മാഞ്ഞു
ആർത്തിതൻ കൊടും വിഷം തളിച്ചു വളർത്തുന്നു
അഹങ്കാരത്തിന്റെ ബോൺസായ് മരങ്ങളെ
വളർച്ചമുരടിച്ച മനസും, പ്രവർത്തിയും
വീഴ്ചകൾ തന്നു കടന്നു പോകുന്നു
കണ്ണടച്ചു തുറക്കുന്നതിൻ മുന്നേ നമ്മൾ
കള്ളത്തരത്തിന്റെ വ്യൂഹം ചമച്ചു
അയലുകൾ തമ്മിലടച്ചു കരിങ്കൾ കെട്ടിനാൽ
അർഥത്തെ മാത്രം സ്മരിച്ചു
മാറ്റമുൾകൊള്ളുക വേണമതെങ്കിലും
മനുഷ്യൻ ഇങ്ങനെ മാറുക വേണോ
തമ്മിലറിയാതെ തന്നെയറിയാതെ
തന്മതികെട്ടു നടക്കണമോ നമ്മൾ തമ്മിൽ തല്ലി മരിക്കണമോ ?



 

Thursday, 5 June 2014

അനാഥരും അശരണരും നിരാലംമ്പരും തെരുവിലലഞ്ഞു തിരിയുകയോ, മോഷ്ടാക്കളും, പോക്കറ്റടിക്കാരും , ലഹരിവസ്തുക്കൾക്കടിമകളാവുകയോ ചെയ്തുകൊള്ളട്ടെ അവരെ സംരഷിക്കരുത് സഹായിക്കരുത്.......................

"കുടെപിറപ്പായി ജനിച്ച ദാരിദ്രം
കുറതുണികൊണ്ട് പാതിമറച്...ച നഗ്നത
ചൂഷണം ചെയ്തവർ തന്ന ലഹരിയും മുറിപാടും
തെരുവിലഞ്ഞു മടുത്ത ഇരവും പകലും
ചീറിപാഞ്ഞു കടന്നുപോയ സാമ്പത്തിക ഭദ്രത
നീട്ടിയ കൈകളിൽ ആഞ്ഞുപ്രഹരിച്ച നീതിബോധം
വിശപ്പ് സഹിക്കവയ്യാതെ മോഷ്ടിച്ച അപ്പകഷ്ണം
ശിഷയായി കിട്ടിയ ജയിൽ വാസം

ഗുരുവരന്മാരില്ലാത്ത അറിവും പഠിപ്പും
ഗഗ്ദങ്ങൾ പാതിയൊതുക്കിയ നെഞ്ചകം
ദുരിതങ്ങളിങ്ങനെ വന്നെന്റെ ചോറിൽ വിഷം ചേർത്തു
വാരികഴിക്കാൻ പറഞ്ഞതും കുറ്റം

വഴിയിൽ നേർവഴി കാണാതിരുളിലൊരു നാൾ
നേർത്ത വെളിച്ചം തെളിച്ചവർ തന്നു
ചോറും ഉപ്പും അതിലൊരു തുള്ളി സ്നേഹവും
വ്യത്തിയും വെടിപ്പും ഈശ്വരചിന്തയും
കിടക്കയും നല്ല ഉറക്കവും സ്വപ്നവും
മനുഷ്യത്തമിങ്ങനെ ആരു ചെയ്തീടിലും
മനുഷ്യകടത്തെന്നു എങ്ങനെ ചൊല്ലിടും"

Saturday, 31 May 2014


കരങ്ങൾ ചേർത്തുപിടിച്ചു  പുണർന്നും
കരഞ്ഞുമിടയ്ക്കു ചിരിച്ചും കളിച്ചും
കാല്കൊണ്ട് വെള്ളം ചവിട്ടി മെതിച്ചും
കുടകൊണ്ട് മഴയെ തടുത്തും ചെറുത്തും
പുതുമണം മാറാത്ത പുത്തനുടുപ്പിൽ
പെൻസിൽ ചിത്രങ്ങൾ കോരിവരച്ചും
പായുന്ന പറവയ്ക്ക് മുമ്പേ ഗമിച്ചും
പള്ളികുടത്തിലേയ്ക്കു വീണ്ടുമീ ബാല്ല്യം
ആദ്യാക്ഷരത്തിന്റെ മധുരം നുണയാൻ
ആഹ്ളാദമോടെ കുതിക്കും കുരുന്നേ
നാടിന്റെ നേരും നെറിവും കാക്കുവാൻ
നേരുന്നു നന്മകൾ, ഉയരങ്ങൾ താണ്ടട്ടെ

 

Tuesday, 27 May 2014

നാനാത്വത്തിൽ എകത്വമൊരുക്കി അങ്ങു
നയിച്ചയീ വർണ്ണ പ്രപഞ്ചം
സോഷലിസ്റ്റാശയങ്ങൾ മുത്തുകളാക്കി
അങ്ങണിയിച്ചയീ പുഷ്പഹാരം
മതേതരത്വത്തിന്റെ മഹാസമുദ്രം
മനുഷ്യനന്മകൾ ചേർത്തിണക്കി
ഇന്നും മങ്ങാത്ത ശോഭകൾ ചാർത്തി
വർണ്ണവിസ്മയമായി നിറഞ്ഞു നില്ക്കുന്നു
ചേരിചേരാ നയങ്ങളുയർത്തീയീ ലോകം
ഇൻഡ്യയെ നമിക്കുന്ന കാഴ്ചയൊരുക്കി
നടന്നു മാഞ്ഞു മറഞ്ഞ മഹാത്മാവേ
നന്ദിയോടെ സ്മരിക്കുന്നു ഞങ്ങൾ
(ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ 50 മത് ചരമവാർഷികം)