Thursday, 11 September 2014


അരി തിളയ്ക്കുന്നതിനൊപ്പം
അമ്മയുടെ മനസും തിളയ്ക്കുന്നുണ്ട്
ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പുറത്തേയ്ക്ക്
ഇടറിയിടറി വരുന്നത് അച്ഛനാണോയെന്ന്
അടിയും തൊഴിയും തെറിയും കഴിഞ്ഞിന്നും
അമ്മയുടെ കണ്ണീരുപ്പ് കലർന്ന കഞ്ഞി കുടിക്കണം
ഉറക്കെ ചിരിക്കാതെയും ഉച്ചത്തിൽ കരയാതെയും
എത്രനാളിങ്ങനെ..................
കണ്ണീരിനില്ലാത്ത വിലയാണു കള്ളിനു
“കോടതി കോപ്പ്”

 

Sunday, 31 August 2014

ദിർഹവും ദിനാറും റിയാലുമങ്ങനെ
കനവിലൊരായിരം പ്രതീക്ഷകളിങ്ങനെ
മൂല്ല്യങ്ങളേറിയും കുറഞ്ഞും മനസിൽ
പീലിനിവർത്തിയാടുന്ന നേരം
പ്രയാസമാണെങ്കിലും പ്രവാസമേ...
പറിച്ചെറിയുന്നതെങ്ങനെ ഞാൻ നിന്നെ

Monday, 11 August 2014

കടമായിജന്മം കനിഞ്ഞു തന്നവൾ അമ്മ
കരക്കാരറിയെ കരം പകർന്നവൾ ഭാര്യ
കരളിൽ വാൽസല്ല്യ ചൂടുപകർന്നവൾ മകൾ
ഇങ്ങനെ ബന്ധങ്ങൾ ചുറ്റും നിറയുമ്പോൾ
അമ്മതൻ വയറ്റിലൊരുമിച്ചുറങ്ങണ്ട
ചരടിനാൽ ബന്ധിച്ചു വിളിച്ചുണർത്തണ്ട
ചാരത്തുനിൽപ്പവൾ സോദരിയെന്നറിയുവാൻ
രക്ഷചരടു ബന്ധിച്ചോർക്കണ്ട
രക്ഷാകവചമായി കൂടെയുണ്ടാവാൻ

Saturday, 26 July 2014

കണ്ണീരുപ്പു കുഴച്ചൊരുപിടി പച്ചരി ചോറുമായ്
കടന്നു പോകുന്നീവഴി കർക്കിടകം
രാമായണത്തിന്റെ നേർത്ത ശീലുകൾ
രാഗാദ്രമായിയെന്നെ തഴുകി തലോടുന്നു

മുപ്പതു നാളിലെ നോമ്പിന്റെ പുണ്യം
മുറുകെ പിടിച്ചെന്റെ സോദരൻ പറയുന്നു
കടന്നു പോകുന്നതൊരു ജന്മ സുകൃതം
കനിഞ്ഞു നല്കട്ടെ വിശുദ്ധിയും ശക്തിയും

കരളിൽ നമ്മുക്കെന്തു വെറുപ്പും, മടുപ്പും
കരങ്ങൾ കോർത്തിണക്കാം പൊറുക്കാം
വിശ്വാസം വ്യത്യസ്തമെങ്കിലും നമ്മളീ
വിശ്വത്തിൽ വന്നു പിറന്നവർ സോദരർ

പുണ്യനാളുകൾ പകുത്തു നല്കുന്നു
പങ്കുവയ്ക്കാനുള്ള മനസും മനുഷ്യത്വവും
വിശുദ്ധഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നു
വിലപെട്ട ജന്മം സ്നേഹം വളർത്താൻ

ഗ്രന്ഥങ്ങളെ ചൊല്ലി കലഹിച്ചു നമ്മളീ
ഗന്ധർവ്വലോകം കൊലക്കളമാക്കല്ലേ
പകർത്തുനല്കരുതാരും വിദ്വോഷം
പുണരാം പുണ്യനാളുകൾ സഹോദരരായി

Monday, 23 June 2014


അമ്മതൻ നെഞ്ചിലെ മധുരവുമീ കുഞ്ഞിനു
നുരഞ്ഞുപൊന്തുന്ന ലഹരിതൻ ദ്രാവകം
കെട്ടുപൊട്ടിക്കും വികാരതള്ളിച്ചയിൽ
പെട്ടുപോകുന്നു പേറ്റുനോവും താരാട്ടും
കേരളം വളരുന്നു ദേശദേശാന്തരങ്ങളിൽ
ഉയർത്താനാവാത്ത ശിരസുമായങ്ങനെ

Tuesday, 17 June 2014

നാളെ ഇവിടെ പിറക്കേണ്ട ഞങ്ങൾക്ക്
നീക്കിവച്ചിട്ടുള്ളതെന്താണൂ നിങ്ങൾ
ബാക്കിവച്ചിട്ടുള്ളതെന്താണു
ഞാറുമീ ഞാറ്റുവേലയും പണ്ടേ
ഞങ്ങളറിയാതെ വിറ്റില്ലേ
കാറ്റിനെ പോലും തടുത്തുനിർത്തി നിങ്ങൾ
കാടിനെ നാടാക്കി മാറ്റിയില്ലേ
മലയും പുഴയും മറന്നിട്ടു ഞങ്ങളീ
മരുഭൂമിയിൽ വന്നു പിറക്കണമോ
വികസനമെന്ന വീർപ്പുമുട്ടൽ കാട്ടി
വെളിച്ചം നിങ്ങൾ കെടുത്തികളഞ്ഞു
എങ്ങനെ ഞങ്ങൾ വെള്ളം കുടിക്കും
എങ്ങനെ ഞങ്ങൾ വായു ശ്വസിക്കും
നന്മതൻ പച്ചവിരിച്ചയീ ഭൂമിയെ
നന്ദിയില്ലാതെ നശിപ്പിച്ചവർ നിങ്ങൾ
ശുദ്ധജലവും പ്രാണവായുവും അമ്പേ
തച്ചുതകർത്തവർ നിങ്ങൾ
തലമുറയ്ക്കായി കരുതിവയ്ക്കാത്ത
തലതിരിഞ്ഞ പ്രക്യതിവിരോധികൾ

Saturday, 14 June 2014

നുരഞ്ഞുപൊന്തുന്നിളം കള്ളിൽ മുങ്ങി
തകർന്നു പോകരുത് നാളെതൻ യുവത്വം
എരിഞ്ഞു തീരും പുകചുരുളുകൾക്കിടയിൽ
എണ്ണിയൊടുങ്ങരുതീ ജന്മസുക്യതം
പടർത്തുന്നതെന്തും ലഹരി അശുദ്ധം
സിരകളിൽ അവയൊരു വെറുപ്പ് പകരും
സ്വബോധമില്ലാതെ കാട്ടും വിക്യതികൾ
സമാധാനമില്ലാത്ത കുടുംമ്പം രചിക്കും
ഗുരുദേവ പാതപിന്തുടരുക നമ്മൾ
ഖുറാൻ വചനങ്ങൾ ഉരുവിടുക നമ്മൾ
ലഹരിവസ്തുക്കളോരു മഹാവിപത്ത്
അയിത്തം കൊടുത്തവ ആട്ടികളയുക
ചെറുത്തു നമ്മൾ പണ്ടുമിതുപോൽ
കരുത്തുകാട്ടിയ വെള്ളപടയെ
നയിക്കാം നമ്മുക്കിനിയുമൊരു സമരം
യുവത്വത്തെ കാർന്ന ലഹരിയ്ക്കെതിരെ
ഒരുമിച്ചു ചേരാം ഒരുമിച്ചു പറയാം
ഒരിക്കലും വേണ്ടയീ ലഹരിതൻ കരുത്ത്
നാളെത്തെ യുവത്വമുണരട്ടെ ബോധത്താൽ
അണിചേരുക നമ്മളീ സമരത്തിൽ വീണ്ടും