Thursday, 11 December 2014

വാക്കുകൾ കൊണ്ടു വിഷം തളിച്ചു നാം
വിസ്മരിച്ചീടുന്നു പവിത്രമീ സൗഹൃദം
നെഞ്ചകം പിളർത്തുന്ന വാളിനെക്കാൾ ഭീകരം
വഞ്ചനയൊളിപ്പിച്ചു ചിരിക്കുന്ന സൗഹൃദം

Tuesday, 4 November 2014

ഒരു പന്തിയിൽ രണ്ടു ഭോജനം


അതിജീവനത്തിനു ചുംമ്പനം വില്ക്കുന്നവരും
പുരോഗമനത്തിനു ചുംമ്പനം വില്ക്കുന്നവരുമുണ്ട്
വിശപ്പകറ്റാൻ തുണിയുരിയുന്നവരും
വിപ്ളവം വരുത്താൻ തുണിയുപേക്ഷിക്കുന്നവരുമുണ്ട്
മറയ്ക്കാനുള്ളതിനു വഴികാണാതെ ഒരു പക്ഷം
മറയ്ക്കേണ്ടതൊക്കെ തുറന്നു കാട്ടുന്ന മറുപക്ഷം
എന്നാൽ ആദ്യത്തെ കൂട്ടർ തൊട്ടുകുടാത്തവരും
രണ്ടാമത്തെ കുട്ടർ വിശിഷ്ടാഥികളുമാകുന്നു
പുരോഗമനവാദികൾ യഥേഷ്ടം അശ്ലീലം വിളമ്പുന്നു
കൈയ്യടിച്ചും ആർത്തുവിളിച്ചും നാമവയെ ഭക്ഷിക്കുന്നു
ശ്ലീലമെങ്കിലും അശ്ലിലമാകുമോ എന്നു ഭയക്കുന്നവരെ
നമ്മൾ അയിത്തം പറഞ്ഞു മാറ്റിനിർത്തുന്നു
ഒരു പന്തിയിൽ രണ്ടു ഭോജനം

Monday, 15 September 2014

മാസ്മരിക വർണ്ണങ്ങളൊരുക്കി
മാടിവിളിക്കുന്നു ക്ഷണികമീ ജീവിതം
സന്തോഷാശ്രു കണ്ണൂനീർ തുള്ളികൾ
സമ്മിശ്രവികാര സല്ലാപ ലോകം
ഇന്നത്തെ സ്നേഹിതൻ നാളെ നിശാചരൻ
ഇവിടെ കാപട്യമലങ്കാരം ഭൂഷണം



Thursday, 11 September 2014


അരി തിളയ്ക്കുന്നതിനൊപ്പം
അമ്മയുടെ മനസും തിളയ്ക്കുന്നുണ്ട്
ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പുറത്തേയ്ക്ക്
ഇടറിയിടറി വരുന്നത് അച്ഛനാണോയെന്ന്
അടിയും തൊഴിയും തെറിയും കഴിഞ്ഞിന്നും
അമ്മയുടെ കണ്ണീരുപ്പ് കലർന്ന കഞ്ഞി കുടിക്കണം
ഉറക്കെ ചിരിക്കാതെയും ഉച്ചത്തിൽ കരയാതെയും
എത്രനാളിങ്ങനെ..................
കണ്ണീരിനില്ലാത്ത വിലയാണു കള്ളിനു
“കോടതി കോപ്പ്”

 

Sunday, 31 August 2014

ദിർഹവും ദിനാറും റിയാലുമങ്ങനെ
കനവിലൊരായിരം പ്രതീക്ഷകളിങ്ങനെ
മൂല്ല്യങ്ങളേറിയും കുറഞ്ഞും മനസിൽ
പീലിനിവർത്തിയാടുന്ന നേരം
പ്രയാസമാണെങ്കിലും പ്രവാസമേ...
പറിച്ചെറിയുന്നതെങ്ങനെ ഞാൻ നിന്നെ

Monday, 11 August 2014

കടമായിജന്മം കനിഞ്ഞു തന്നവൾ അമ്മ
കരക്കാരറിയെ കരം പകർന്നവൾ ഭാര്യ
കരളിൽ വാൽസല്ല്യ ചൂടുപകർന്നവൾ മകൾ
ഇങ്ങനെ ബന്ധങ്ങൾ ചുറ്റും നിറയുമ്പോൾ
അമ്മതൻ വയറ്റിലൊരുമിച്ചുറങ്ങണ്ട
ചരടിനാൽ ബന്ധിച്ചു വിളിച്ചുണർത്തണ്ട
ചാരത്തുനിൽപ്പവൾ സോദരിയെന്നറിയുവാൻ
രക്ഷചരടു ബന്ധിച്ചോർക്കണ്ട
രക്ഷാകവചമായി കൂടെയുണ്ടാവാൻ

Saturday, 26 July 2014

കണ്ണീരുപ്പു കുഴച്ചൊരുപിടി പച്ചരി ചോറുമായ്
കടന്നു പോകുന്നീവഴി കർക്കിടകം
രാമായണത്തിന്റെ നേർത്ത ശീലുകൾ
രാഗാദ്രമായിയെന്നെ തഴുകി തലോടുന്നു

മുപ്പതു നാളിലെ നോമ്പിന്റെ പുണ്യം
മുറുകെ പിടിച്ചെന്റെ സോദരൻ പറയുന്നു
കടന്നു പോകുന്നതൊരു ജന്മ സുകൃതം
കനിഞ്ഞു നല്കട്ടെ വിശുദ്ധിയും ശക്തിയും

കരളിൽ നമ്മുക്കെന്തു വെറുപ്പും, മടുപ്പും
കരങ്ങൾ കോർത്തിണക്കാം പൊറുക്കാം
വിശ്വാസം വ്യത്യസ്തമെങ്കിലും നമ്മളീ
വിശ്വത്തിൽ വന്നു പിറന്നവർ സോദരർ

പുണ്യനാളുകൾ പകുത്തു നല്കുന്നു
പങ്കുവയ്ക്കാനുള്ള മനസും മനുഷ്യത്വവും
വിശുദ്ധഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നു
വിലപെട്ട ജന്മം സ്നേഹം വളർത്താൻ

ഗ്രന്ഥങ്ങളെ ചൊല്ലി കലഹിച്ചു നമ്മളീ
ഗന്ധർവ്വലോകം കൊലക്കളമാക്കല്ലേ
പകർത്തുനല്കരുതാരും വിദ്വോഷം
പുണരാം പുണ്യനാളുകൾ സഹോദരരായി