Tuesday, 11 December 2012

എത്രയാണെനിക്കെന്റെ ചങ്ങാതിമാരവർ
 എത്ര നിറഞ്ഞ സ്നേഹതണലുകൾ
 മുഖമാകും പുസ്തകതാളിലിരുന്നെന്റെ
 മനസ്സും ഹ്യദയവും കവർന്ന സൗഹ്രദങ്ങൾ
 നെഞ്ചോടു ചേർക്കുവാനോരായിരം ഓർമ്മകൾ
നന്മതൻ നേർത്ത സഹോദരതുല്ല്യത എല്ലാം
 ഒറ്റയ്ക്കിരുന്നു മടുത്ത പകലുകൾ ഇരവുകൾ
 ഒക്കെയും മെല്ലെ മറിച്ചു നോക്കും ഞാൻ

Tuesday, 4 December 2012

ഈയാഴ്ചയിലാദ്യം (12)


 പൊങ്കാലപ്രതിഷേധം അഥവാ പുതിയ സമരമുറ
സി.പി.എം എന്ന കേരളത്തിലെ ഏക കേഡർപാർട്ടി, തങ്ങളുടെ കർക്കശസമരമുഖത്തുനിന്നും പതിയെ പിൻ വാങ്ങുന്നു എന്നാണോ ഇതു വ്യക്തമാക്കുന്നത്? അതോ അടിക്കടിയേല്ക്കുന്ന പ്രഹരങ്ങൾക്ക് പ്രതിരോധമായി പതിവു കൊലവിളിയും കൊള്ളിവയ്പ്പു സമരങ്ങളുമായി മുന്നിട്ടിറങ്ങിയാൽ ജനങ്ങൾ പ്രതികരിക്കും എന്നു ഭയന്നാണോ? അതല്ല ഇനി ദൈവമെന്നത് ഇത്രനാളും കരുതിയ ബുർഷ്വാ സങ്കല്പമല്ലന്നെങ്കാന...
ും തോന്നിയിട്ടാണോ ? എന്തായാലും കേരളത്തിലെ തലമുതിർന്ന നേതാക്കൾ സകുടുംമ്പം പങ്കെടുത്തു വിജയിപ്പിച്ച (അതോ തോല്പിച്ചതോ) പരിപാടി കലക്കി പുതുമ നിറഞ്ഞ സമരമുറ എന്നതിലുപരി വിവിധ പാചക പരീക്ഷണം കൂടിയായി മാറി സി.പി.എമ്മിന്റ് പ്രതിക്ഷേധം. അസൂയക്കാർ പലതും പറയുന്നുണ്ട് പൊങ്കാല സമരം പൊളിയായിരുന്നു, ദശലക്ഷം അണിനിരന്നത് പണം കൊടുത്തിട്ടാണന്നൊക്കെ, പക്ഷേ ഇങ്ങനെത്തെ ഒക്കെ ഒരു സമരമുറവേണം, കേരളത്തിലെ പതിനാലുജില്ലകളിലെയും ജനങ്ങൾ ഒന്നിച്ചണിചേർന്നു നടത്തിയ പൊങ്കാല സമരത്തിന്റെ പൊള്ളലിൽ മന്മോഹൻ സർക്കാർ ആകെ പൊള്ളി നാശമായതു കണ്ടില്ലേ..
മിണ്ടിയാലും പറഞ്ഞാലും തെരുവിലിറങ്ങി ആളെ വെട്ടുന്ന പരിപാടീ നിർത്തി അല്പം ഹൈന്ദവാചാരം കലർന്നതെങ്ങിലും പൊങ്കാല സമരമെന്ന ഗാന്ധിയൻ മാർഗ്ഗത്തിലേയ്ക്ക് സഖാക്കൾ കടന്നിരിക്കുന്നു എന്നു വരുന്നതു തന്നെ സ്വാഗതാർഹമല്ലേ, ഇനി ഹൈന്ദവാചാരമെന്നു പറഞ്ഞത് ശരിയായി തന്നെയാണു ജയരാജൻ സഖാവ് ഇന്നു യുവസഖാക്കളൊക്കെ കാവിയുടുക്കുന്നവരാണെന്നു പരസ്യമായി സമ്മതിച്ചിട്ടൂമുണ്ട്.. ഈ കോൺഗ്രസ്സ്ക്കാരുടെ കാര്യമാണു കഷ്ട്ം എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാൻ ഒരോ സമരമുറയുമായി വരുന്ന പാട് സഖാക്കൾക്കും പിന്നെ മുകളിലുള്ള ആൾക്കും മാത്രമേ അറിയൂ(മുകളിൽ എന്നു പറഞ്ഞതിനെ തെറ്റിദ്ധരിക്കാൻ വരണ്ട പി,ബിയെയാണു ഉദ്ദേശിച്ചത്) ലഷക്കണക്കിനാൾക്കാരെ ചെല്ലും ചെലവും കൊടുത്തു അണിനിരത്തി നടത്തിയ സമരത്തെ മുഖപുസ്തകത്തിലൂടെയും മറ്റും കളിയാക്കി ചിരിക്കുക എന്നല്ലാതെ ദേഹമനങ്ങി ജനങ്ങൾക്കു പണികൊടുക്കാൻ ഇവർക്കൊന്നും സാധിക്കില്ല തന്നെ
ഈയൊരറ്റ സമരത്തിലുടെ കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും ഗാസിനും എന്നു വേണ്ട പെട്ടെന്നു തീപിടിക്കുന്ന എന്തിനും വിലകുറയ്ക്കും, വില കുറയ്ക്കാനുള്ള തീരുമാനം വന്നില്ലെങ്കിൽ അടുത്ത തീരുമാനം ഭാരതം മുഴുവനും പൊങ്കാലയിട്ട് പ്രതിഷേധിക്കാനാണു പൊങ്കാലയെന്തെന്നറിയാത്ത മറ്റു സംസ്ഥാനക്കാർക്കു ഒരു സ്റ്റ്ഡിക്ളാസുമാകും ഒരു നല്ല സമരമുറ പഠിപ്പിക്കാനുമാവും പിന്നെ അടുത്ത ഇലക്ഷനടൂക്കുമ്പോഴേയ്ക്കും പഴയ മുന്നാമുന്നണി ഒന്നു തട്ടീകുട്ടൂകയുമാവാം, ഒരു പാട് നല്ല പൊങ്കാലക്കാർ കലങ്ങളുമൊരുക്കി കാത്തിരിക്കുന്നുമുണ്ട് മുലായം, മായാവതി ജയലളിത ഇവരൊക്കെ നല്ല പൊങ്കാലയിടുന്നവരാണു തല്ക്കാലം മമതയെ വേണ്ട തരം കിട്ടിയാൽ നെഞ്ചിൽ കയറീ പൊങ്കാലയിട്ടേയ്ക്കും
എന്തായാലും പൊങ്കാല സമരം പുർണ്ണവിജയമെന്നു തന്നെ വിലയിരുത്തേണ്ടി വരും പിണറായി സഖാവും വി.എസ് സഖാവുമൊക്കെ എന്തു ഐക്യത്തോടെയാണു പൊങ്കാലയിട്ടത് ആ ഐക്യത്തിന്റെ പൊങ്കാലചുടിൽ കേരളത്തിലെ മുരാച്ചി കോൺഗ്രസ്സുകാരും ബുർഷ്വാസികളായ മാധ്യമങ്ങളുമൊക്കെ ദേഹമാസകലം പൊള്ളി കിടപ്പിലാണു
(ശരിക്കും പൊള്ളിയത് ജനങ്ങൾക്കാണോ പാർട്ടീക്കാണൊ എന്നത് അടൂത്ത തെരെഞ്ഞെടൂപ്പിലേ അറിയാൻ കഴിയു എന്നതു വേറെ കാര്യം)

Monday, 19 November 2012

മടക്കയാത്ര

വരിക സോദരാ നടക്കാം നമ്മുക്കിനിയീ സ്നേഹപാതയിലൂടല്പം
വരികയായി പഴയയാ മാമ്പഴക്കാലങ്ങൾ വീണ്ടും
പങ്കിട്ടല്ലാതെ കഴിക്കാറില്ല നീ പണ്ടുമീ മധുരമാം മാമ്പഴം
പങ്കുവയ്ക്കാനെനിക്കു കൊതിയിപ്പോഴും നിൻ സൗഹ്രദം

എത്രയെന്നോർക്കുന്നുവോ ചവിട്ടിതെറിപ്പിച്ചീ  മഴവെള്ളതുള്ളികൾ
എത്രനാളോടി കളിച്ചതാമീ ചെമ്മൺപാതകളിലൂടെ നമ്മൾ
സ്വാർഥമാം സ്നേഹങ്ങളെ  വിലയ്ക്കു വാങ്ങിച്ചീട്ടൊടുവിൽ
നിസ്വാർഥരായെത്തുന്നു നമ്മളൊരുമിച്ചീ നാട്ടിലേയ്ക്ക് വീണ്ടും

അരികിലാണു നീ മെല്ലെ തൊട്ടുവിളിക്കണമെന്നാശിപ്പു ഞാൻ
അനങ്ങുന്നില്ലെൻ കൈകൾ, ആത്മാവാതാഗ്രഹിച്ചെങ്കിലും
അറിയുന്നില്ല നീയും ഞാനുമൊപ്പമീ ചുറ്റും നടക്കുവതൊന്നും
ആസ്വാദ്യമല്ലയീ മുല്ലപുക്കളാൽ തീർത്ത അന്ത്യഹാരങ്ങളും

പോകാം നമ്മുക്കീ പുഴതീരത്തിലേയ്ക്ക് പണ്ടെന്നപോൽ
പോകാം നന്മതൻ നേർത്ത നിലാവെളിച്ചത്തിലേയ്ക്കു വീണ്ടും
മറക്കാം ഇതുവരെയുള്ള ബന്ധങ്ങളും, പരിവേദനങ്ങളും
നടക്കാം പുതുവഴിയിലൂടിനിയില്ല മടക്കയാത്ര നിനച്ചാലുമില്ലെങ്കിലും



 

Sunday, 18 November 2012

ഈയാഴ്ചയിലാദ്യം (10)


ഇസ്രയേൽ പാലസ്തീൻ പ്രശനം നമ്മുടെ ഗ്രുപ്പിൽ പലവട്ടം ചർച്ചയ്ക്കു വന്നു കഴിഞ്ഞു ഇപ്പോഴും ചർച്ച തുടരുന്നു ചർച്ചയിൽ പങ്കെടുത്ത ഒരാളെന്ന നിലയ്ക്ക് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഒരോരുത്തരും അവരവരുടെ വശങ്ങൾ ന്യായീകരിക്കാൻ മനുഷ്യാവകാശ ലംഘനത്തോട് യോജിക്കുകയാണെന്നു തോന്നും. ഇസ്രയേൽ അല്ല പാലസ്തീനല്ല മറ്റേതൊരു രാജ്യമായാലും
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനോട് സാമാന്യബോധമുള്ള ആർക്കും യോജിക്കാനാവുമെന്നു തോന്നുന്നില്ല , ചിലർ ഈ പ്രശ്നത്തെ മതത്തിന്റെയും വർഗ്ഗീയതയുടെയും കണ്ണുകൊണ്ട് കാണുന്നു മറ്റുചിലർ ഇതിനെ അയൽരാജ്യക്കാരുടെ പ്രശ്നമായും കാണൂന്നു നമ്മുക്കീ പ്രശ്നത്തിൽ ഒന്നും ചെയ്യാനില്ല എങ്കിലും ദുഖം പ്രകടിപ്പിക്കുന്നതോ, മുഖപുസ്തകത്തിലുടെ പ്രതിഷേധിക്കുന്നതോ വലിയ ചെലവുള്ള കാര്യമല്ല തന്നെ ..
ഒരു മാന്യസുഹ്രത്ത് മുസ്ളിം സമൂഹം പ്രതികരിക്കണമെന്ന് എഴുതി പ്രതികരിക്കണം അതു മുസ്ളീം സമുദായം മാത്രമല്ല എല്ലാ മനുഷ്യരും ഒരുമിച്ചെതിർത്ത് ലോക മനസാക്ഷിയുടെ മുന്നിൽ കൊണ്ടുവന്നു  ശിശുഹത്യയുൾപെടെ കിരാതകൊലപാതകങ്ങൾ അവസാനിപ്പിക്കണം. മറ്റൊരു സുഹ്രത്ത് കാശ്മീരിലെ ജനതയുടെ ദുരിതവും ഇതോടൊപ്പം കൂട്ടിവായിക്കാൻ അഭ്യർഥിക്കുന്നു ശരിയാണു കാശ്മീരിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ഇതുപോലെ പ്രശ്നങ്ങളുണ്ട് അത്തരം മനുഷ്യവകാശലംഘനങ്ങൾ എല്ലാം തന്നെ ഐക്യരാഷ്ട്സഭയുടെ മുമ്പിൽ വളരെ ശക്തമായി അവതരിപ്പിച്ചു പരിഹാരം നേടേണ്ടവ തന്നെയാണു . അതിനൊക്കെ കീബോർഡിന്റെ മുമ്പിലിരുന്നു അക്ഷരങ്ങളെ സ്നേഹിക്കുന്നവർ വിചാരിച്ചാൽ മതി പക്ഷേ വിചാരം ആത്മാർഥമായിരിക്കണം ,നിങ്ങൾക്കറിയാം ഈജിപ്തിലെ ഗുരുതരമായ പ്രശ്നത്തെ ലോകമനസാഷിയുടെ മുന്നിൽ കൊണ്ടുവരികയും ലോകമൊന്നടങ്കം അവിടെത്തെ ജനകീയ സമരങ്ങൾകൊപ്പം നിന്നു സമരം വിജയിപ്പിക്കുകയൂം ചെയ്തത് ഒരു വ്യക്തിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ തുടങ്ങിയ സൈബർ യുദ്ധം വഴിയാണെന്നു നിർഭാഗ്യവശാൽ ലോകപോലീസ് ചമയുന്ന അമേരിക്കയുടെ വ്യത്തികെട്ട കരങ്ങളും അതിലൊരു പങ്കു വഹിച്ചു എന്നത് കറുത്ത അധ്യായമാണു എങ്കിലും......
ജനിച്ച മണ്ണീൽ ജീവിക്കുക എന്നത് മനുഷ്യരുടെ അവകാശമാണു അതിനു വേണ്ടി ചെയ്യുന്ന പോരാട്ടങ്ങൾക്കു ചെവികൊടുക്കാതിരിക്കുക എന്നത് ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര്സഭയുമൊക്കെ ചെയ്യുന്ന പാതകമാണു. ഇൻഡ്യ ഉൾപെടെയുള്ളവർ ചേരിചേരാ നയങ്ങളൂം വ്യക്തിബന്ധങ്ങളും ഒക്കെ മാറ്റിവച്ച് ഇതിനെതിരെ പ്രതികരിക്കണം ഇൻഡ്യാഗവർമെന്റിൽ ശക്തമായ സ്വധീനം ചെലുത്താൽ ഏറ്റവും വലിയ മനുഷ്യാവകാശ സംരഷകർ എന്നവകാശപെടുന്ന ഇടതുപക്ഷ പാർട്ടികളും തയ്യാറാവണം .
അമേരിക്ക ഇസ്രായേലിനെ പിന്താങ്ങുന്നതിനു പിന്നിൽ ഒരു ഹിജഡൻ അജണ്ട ഒളിഞ്ഞിരിപ്പുണ്ട് പണ്ട് ബ്രിട്ടിഷ്ക്കാർ ലോകം മുഴുവനും കോളനിഭരണം സ്ഥാപിക്കുന്നതിനു സ്റ്റ്വീകരിച്ചിരുന്ന അതേ അജണ്ട, വ്യകതമായ കാഴ്ചപാടുമായി ലോകരാജ്യങ്ങളെ തമ്മിലടിപ്പിക്കുകയും , രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അവരെക്കാൾ താല്പര്യത്തോടെ ഇടപെടുകയും പ്രശ്നപരിഹാരകരായി മാറി വിഭവ സമ്പത്തുക്കൾ കൊള്ളടയിക്കുകയും അതുവഴി ഭരണനിയന്ത്രണം കൈയാളുകയുമാണീ നീരാളിയെന്നു ലോക സമാധാനമാഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും തിരിച്ചറിയേണ്ടതുണ്ട്, മുന്നാം ലോകമഹായുദ്ധമാണു അമേരിക്ക ലഷ്യമിടുന്നതെന്നു വ്യക്തം. പാലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മൾ കേൾക്കാതെ പോകരുത് അത് മുസ്ളീമായാലും,മറ്റ് ഏതു മതക്കാരനായാലും ഒരുമിക്കാം ഏല്ലാ മനുഷ്യാവകാശ ലംഘനങ്ങൾക്കും നരഹത്യകൾക്കുമെതിരെ ....പോരാടാം ലോകസമാധാനത്തിനായി
“ഒരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ”
 ഒരു കോടി ഈശ്വരവിലാപം“
പ്രവീൺ. വി.ആർ.ആറ്റുകാൽ
 

Sunday, 11 November 2012

ഈയാഴ്ചയിലാദ്യം (9)


ഇത്തവണ ഞാൻ എഴുതുന്നത് സ്നേഹത്തെ കുറിച്ചാണു, നെറ്റിചുളിക്കാൻ വരട്ടെ ഇത് നമ്മുക്ക് നഷ്ടപെട്ടുപോയ അല്ലെങ്കിൽ നമ്മൊളൊരിക്കലും വേണ്ട ശ്രദ്ധ കൊടുക്കാൻ മറന്ന കുറച്ചു സ്നേഹങ്ങളെ കുറിച്ചുമാത്രം, ഈയിടെ ഞാനെവിടെയോ വായിച്ചു നമ്മുക്കൊരിക്കലും മറക്കാൻ പറ്റാത്ത മണങ്ങളെ കുറിച്ച് , മൂക്കിന്റെ തുമ്പിലിപ്പോഴും വാസനയുയർത്തുന്ന ഓർമ്മകളൂടെ ഒരുകൂട്ടം മണങ്ങളെ കുറിച്ചു

അതുപോലെ മനസ്സിൽ മധുരമുണർത്തുന്ന കുറച്ചു സ്നേഹത്തെ കുറിച്ചാവാം ഇത്തവണ............വരൂ നമ്മുക്ക് തിരിച്ചുനടക്കാം തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു പണ്ട് പണ്ട് മായാത്ത ഓർമ്മകളുടെ മാമ്പഴക്കാലത്തിലേയ്ക്ക്............

കമുക്കിൻ പാളയിൽ വണ്ടിയോടിച്ച് കളിച്ച് ചെമ്മണ്ണു പുരണ്ട കറുത്ത വള്ളിനിക്കറുമായി പേടിച്ച് പേടിച്ച് വീട്ടിലെത്തുമ്പോൾ വാതോരാതെ വഴക്കുപറഞ്ഞു വാൽസല്ല്യത്തോടെ അടുത്തു പിടിച്ചിരുത്തി ശരീരം മുഴുവൻ നല്ലമണമുള്ള ഉള്ളിമൂപ്പിച്ച എണ്ണ തേയ്ച്ച് പിടിപ്പിക്കുകയും തണുത്തുറഞ്ഞ കിണറ്റുവെള്ളം കോരി കുളിർപ്പിച്ച് തലയിൽ രാസനാദി പൊടി തിരുമ്മിപിടിപ്പിക്കുകയും ചെയ്തിരുന്ന അമ്മയുടെ സ്നേഹമാണെനിക്കാദ്യം ഓർമ്മവരുന്നത്, എത്രയൊക്കെ വഴക്കുപറഞ്ഞാലും തുടയിൽ തിരുമ്മി വേദനിപ്പിച്ചാലും മടിയിൽ തലചായ്ച്കിടക്കുമ്പോൾ തലമുടിയിലൂടെ അമ്മ വിരലോടിക്കുമ്പോൾ കിട്ടുന്ന സ്നേഹം ഒരിക്കലും മറക്കാനാവാത്തത് , ചെറിയ കുറ്റിതലമുടി കിളിർത്ത താടി കൊണ്ട് മുഖത്ത് ഉമ്മവയ്ക്കുകയും, നെഞ്ചിൽ കിടത്തി കഥകൾ പറഞ്ഞു തരികയും ചെയ്യുന്ന അച്ഛന്റെ സ്നേഹം, ആകാശത്തിലേയ്ക്ക് നമ്മെ ഉയർത്തിയെറിഞ്ഞു കൈകൊണ്ട് താങ്ങി നിർത്തുമ്പോൾ എത്ര ഉയരത്തിലാണു നമ്മളെന്നറിയാമെങ്കിലും കരുതലോടെ അച്ഛൻ താങ്ങാനുണ്ടാകുമെന്നറിയുമ്പോൾ അച്ഛന്റെ സ്നേഹം വിലമതിക്കാനാവാത്തത്, നന്മ ചെയ്യാനാണു നാം ആദ്യം പഠിക്കേണ്ടതെന്നും സഹജീവികളോട് കരുണയുണ്ടാകണമെന്നും നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്ന,  വീട്ടിലെ പശുവിനെയും പട്ടിയെയും പൂച്ചയെയുമൊക്കെ സ്വന്തം മക്കളെ പോലെ കരുതി സ്നേഹിക്കുന്ന മുത്തശ്ശന്റെ സ്നേഹം, കൈപിടിച്ച് നീണ്ട പാടവരമ്പിലൂടെ കാഴ്ചയും പഴമയും കണ്ട് നടക്കുമ്പോഴുള്ള സുഖകരമായ സ്നേഹം പുഴയിൽ സ്വന്തം കൈകളിൽ കിടത്തി നിന്താൻ പഠിപ്പിക്കുമ്പോൾ ബലിഷ്ഠമായ കൈകൾ നല്ക്കുന്ന സ്നേഹം ഇപ്പോഴും ചുറ്റിലും തങ്ങിനില്ക്കുന്നപോലെ. അമ്മയും അച്ഛനുമൊക്കെ വഴക്കു പറയുകയും, ദേഷ്യപെടുകയും ഒക്കെ ചെയ്യുന്ന സമയം ലൈബോയ് സോപ്പിന്റെ മണമുള്ള ചന്ദന നിറമുള്ള അമ്മുമ്മയുടെ തണലാകുന്ന സ്നേഹം, നാമം ചൊല്ലാനൊപ്പമിരുത്തുകയും, സ്നേഹത്തൊടെ ഗുണപാഠകഥകൾ മാത്രം പറഞ്ഞു തരികയും ചെയ്യുന്ന അമ്മുമ്മയുടെ സ്നേഹം, അയ്ല്ക്കാരെ കൂടെ നിർത്തണമെന്നും അവരിൽ യാതൊരു വ്യത്യാസവും കാണരുതെന്നും സന്തോഷങ്ങൾ ഒറ്റയ്ക്കാഘോഷിക്കാനുള്ളതല്ലന്നും അന്യരുടെ ദു:ഖങ്ങൾക്കും ചെവികൊടുക്കണമെന്നും പഠിപ്പിക്കുന്ന അമ്മുമ്മയുടെ സ്നേഹം.

നിറഞ്ഞ കല്പടവുകൾ കയറിയെത്തുമ്പോൾ കുശലാന്വഷണങ്ങളുമായി കീറ ഇലയിൽ ചന്ദനവും തെച്ചിപൂവും കൈയിലെറിഞ്ഞു തരുന്ന വയസ്സൻ പോറ്റിയുടെ പിറകിൽ കാരുണ്യത്തോടെ എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം എന്നെ സ്നേഹിക്കുന്ന എന്റെ നാടിനെ സ്നേഹിക്കുന്ന  ഭഗവതിയുടെ സ്നേഹം ഇന്നും എന്നെ നേർവഴി നടത്തുന്ന നിറഞ്ഞ സ്നേഹം

വെളുത്ത പെറ്റികോട്ടിട്ട് എന്റെ കൈകവർന്നു വെളുത്തു കൊലുന്നനെയുള്ള എന്റെ കുഞ്ഞിപെങ്ങളുടെ സ്നേഹം എന്നും പിണക്കമാണെങ്ങിലും എന്തിനുമേതിനും തല്ലുകൂടുമെങ്ങിലും എന്റെ മുഖം വാടിയാൽ കണ്ണൂ നിറയുന്ന എന്റെ കൂടെപിറപ്പിന്റെ സ്നേഹം, ഫുൾകൈ ഷർട്ടും തെറുത്തുകയറ്റി ചെറിയ തെറ്റിനുപോലും ചെവിചുവപ്പിക്കുന്ന വലിയ ഭാവത്തിൽ നടക്കുന്ന എന്റെ ഏട്ടന്റെ സ്നേഹം, ഉസ്കൂളിലെന്നെ ആരെങ്കിലും വേദനിപ്പിച്ചെന്നറിഞ്ഞാൽ വിയർപ്പിൽ കുളിച്ചോടി വന്നെന്നെ നോക്കുന്ന എന്റെ പ്രിയ സഹോദരന്റെ സ്നേഹം.

ഓണവും വിഷുവും ദീപാവലിയുമൊക്കെ പോലെ വർഷത്തിലൊരിക്കൽ മാത്രം വന്നെത്തുന്ന അമ്മാവന്റെ സ്നേഹം കൈയ്യിൽ മധുരപലഹാരങ്ങളും പുത്തനുടുപ്പുകളുമായി ദൂരെനിന്നും അവധിക്കാലമാഘോഷിക്കാനെത്തുന്ന സ്നേഹം.

വളരെ കർക്കശക്കാരാണങ്കിലും, ചെറുചിരിയോടെ ചുമലിൽ തട്ടി അഭിനന്ദിക്കുന്ന എന്റെ ഗുരുനാഥന്മാരുടെ സ്നേഹം, കഥകളിലൂടെയും, കവിതകളിലൂടെയും നാടിനെ നാടിന്റെ നന്മകളെ തൊട്ടറിയാൻ പഠിപ്പിച്ച നിറഞ്ഞ സ്നേഹം, വിയർപ്പൊട്ടിയ കൈകളിൽ നാരങ്ങാമിട്ടായൊളിപ്പിച്ച് പിൻ ബഞ്ചിലിരുന്നു തമാശകൾ പറഞ്ഞു ചിരിപ്പിക്കുകയും ദാരിദ്രത്തെ  ഓർമ്മിപ്പിച്ച് സങ്കടപെടുത്തുകയും ചെയ്യുന്ന ബാല്ല്യകാല സുഹ്രത്തിന്റെ സ്നേഹം, ബഷീറെന്നും, തോമസ്സെന്നും, ക്യഷ്ണനെന്നും നമ്മൾ വിളിച്ചിരുന്ന ആത്മാർഥ സ്നേഹം

ചൂടുമാറാത്ത ബിരിയാണിയും, നെയ്യ് ചോറും നെയ്യ് പത്തിരിയുമൊക്കെയായി ഞങ്ങൾ കൊണ്ടാടിയിരുന്ന പെരുന്നാളും , ക്രിസ്മസ്സ് തലേന്നു രാത്രിമുഴുവൻ പുല്ക്കുടും നഷ്ത്രവിളക്കുകളുമായി ആഘോഷിച്ചിരുന്ന അയല്പക്കങ്ങളിലെ സ്നേഹം, അടപ്പുപാത്രത്തിൽ വീട്ടിലുണ്ടാക്കിയ പ്രത്യേക വിഭവുമായി അടുക്കളവഴി അമ്മയെ വിളിച്ചു കയറിവരുന്ന ഞങ്ങൾ വീട്ടിലെല്ലാവരും കൊതിയോടെ രുചിച്ചിരുന്ന പലഹാരങ്ങളുടെ ദാതാവായ സുബൈദതാത്തയെന്ന് അമ്മയും ഉമ്മയെന്ന് ഞങ്ങളും വിളിച്ചിരുന്ന ഞങ്ങളുടെ പ്രിയപെട്ടവരുടെ സ്നേഹം. ഉസ്കുളിലേയ്ക്കുള്ള വഴിയിൽ ആകെയുണ്ടായിരുന്ന പീഠിക കറിയാച്ചനെന്നു പ്രായഭേദമെന്യേ എല്ലാരും വിളിച്ചിരുന്ന കടയുടമയുടെ അല്പം തമാശയുള്ള കുശലം പറച്ചിലിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹം

 

മുടി രണ്ടായി പകുത്തു ചീകികെട്ടി, പുസ്തകങ്ങളെ മാറോടടുക്കി വഴിയോരെത്തുന്നും കാത്തു നില്ക്കുന്ന ബാല്ല്യകാല സഖിയുടെ സ്നേഹം, അതൊരു പ്രണയമേ അല്ലായിരുന്നിട്ടുകൂടി ഇന്നും മറന്നുപോകാത്തതാണു സ്നേഹം

ഇങ്ങനെയെത്രയെത്ര സ്നേഹങ്ങളെയാണു നാം വഴിയിൽ ഉപേക്ഷിച്ചു പോയത് ഒരിക്കലും പൊരുത്തപെട്ടുപോകാൻ കഴിയാത്ത സ്വന്തം കാര്യങ്ങൾക്ക് മാത്രം സ്നേഹം നടിക്കുന്ന സ്വാർഥമായ സ്നേഹങ്ങളെയാണു നമ്മൾ ഇന്നു ചേർത്തുവയ്ക്കുന്നത് നഷ്ട്പെട്ടതിന്റെ വിലയറിയാതെ. പുതിയ തലമുറയ്ക്കാവട്ടെ നാം പകർന്നുകൊടുക്കുന്നത് വിലകൊടുത്തു വാങ്ങാവുന്ന സ്നേഹബന്ധങ്ങളും അവയൊക്കെ കാശിന്റെ പകിട്ടു തീരുവോളം തിളക്കമുള്ളതായിരിക്കും സമ്പത്തിന്റെ കുറവനുസരിച്ച് സ്നേഹപ്രകടനത്തിന്റെ അളവും കുറയും. പത്തരമാറ്റുള്ള സ്നേഹത്തെ മറന്നു സ്വാർഥതയേറിയ സ്നേഹത്തെ അന്വഷിക്കുന്ന നമ്മുടെ പുതുതലമുറ ശരിക്കും നഷ്ടങ്ങളുടെ നീണ്ട ഭാരം പേറുന്നവരാണു

Praveen.V.R.Attukal

 

Wednesday, 7 November 2012

നിദ്രവന്നെന്നെ തഴുകുന്നതീതാദ്രമായി
നിത്യവും വീണ്ടുമുണർന്നെണീക്കാനായി
നിത്യതയിലേയ്ക്കാണെന്റെ ഒരോദിനവുമെന്നാകിലും
നിദ്രയ്ക്കു ഞാന്റെ വഴിവിളക്കേകുന്നു