Saturday, 31 May 2014


കരങ്ങൾ ചേർത്തുപിടിച്ചു  പുണർന്നും
കരഞ്ഞുമിടയ്ക്കു ചിരിച്ചും കളിച്ചും
കാല്കൊണ്ട് വെള്ളം ചവിട്ടി മെതിച്ചും
കുടകൊണ്ട് മഴയെ തടുത്തും ചെറുത്തും
പുതുമണം മാറാത്ത പുത്തനുടുപ്പിൽ
പെൻസിൽ ചിത്രങ്ങൾ കോരിവരച്ചും
പായുന്ന പറവയ്ക്ക് മുമ്പേ ഗമിച്ചും
പള്ളികുടത്തിലേയ്ക്കു വീണ്ടുമീ ബാല്ല്യം
ആദ്യാക്ഷരത്തിന്റെ മധുരം നുണയാൻ
ആഹ്ളാദമോടെ കുതിക്കും കുരുന്നേ
നാടിന്റെ നേരും നെറിവും കാക്കുവാൻ
നേരുന്നു നന്മകൾ, ഉയരങ്ങൾ താണ്ടട്ടെ

 

Tuesday, 27 May 2014

നാനാത്വത്തിൽ എകത്വമൊരുക്കി അങ്ങു
നയിച്ചയീ വർണ്ണ പ്രപഞ്ചം
സോഷലിസ്റ്റാശയങ്ങൾ മുത്തുകളാക്കി
അങ്ങണിയിച്ചയീ പുഷ്പഹാരം
മതേതരത്വത്തിന്റെ മഹാസമുദ്രം
മനുഷ്യനന്മകൾ ചേർത്തിണക്കി
ഇന്നും മങ്ങാത്ത ശോഭകൾ ചാർത്തി
വർണ്ണവിസ്മയമായി നിറഞ്ഞു നില്ക്കുന്നു
ചേരിചേരാ നയങ്ങളുയർത്തീയീ ലോകം
ഇൻഡ്യയെ നമിക്കുന്ന കാഴ്ചയൊരുക്കി
നടന്നു മാഞ്ഞു മറഞ്ഞ മഹാത്മാവേ
നന്ദിയോടെ സ്മരിക്കുന്നു ഞങ്ങൾ
(ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ 50 മത് ചരമവാർഷികം)

Tuesday, 20 May 2014

രാജ്യത്തെ സ്നേഹിച്ച രാജീവ നയനാ
രാജ്യം മറക്കില്ലയീ ദീപ്തസ്മരണ
ഓർമ്മയിലിപ്പോഴും ജീവനായി രാജീവൻ
മായാത്ത ചിത്രമായി ജ്വലിച്ചുനില്ക്കുന്നു
കാലമുണക്കാത്ത മുറിവുകളില്ല
കണ്ണീരുണങ്ങാത്ത വേർപാടുകളില്ല...
എങ്കിലുമിന്നുമൊരു നൊമ്പരമായി നീ
എന്റെ ചങ്കിലിരുന്നു വിങ്ങി കരയുന്നു
പ്രത്യാശയോടെ ഞങ്ങൾ തെളിയിച്ച ദീപം
പെട്ടെന്നു തല്ലികെടുത്തിയ കാട്ടാളാ
കത്തികരിഞ്ഞു കറുത്ത നാളെതൻ സ്വപ്നം
കരളിലിരുന്നു നീറി പിടയുമ്പോൾ
എത്ര ന്യായീകരണങ്ങൾ കേൾക്കിലും
പൊറുത്തു കൊടുക്കുവാനാവില്ലൊരിക്കലും

(രാജീവ് ഗാന്ധിയുടെ ദീപ്തസ്മരണകൾക്കു മുന്നിൽ കണ്ണീർ പ്രണാമം)

Thursday, 24 April 2014

വിശ്വാസം കൊണ്ട് തകരാതിരിക്കട്ടെ
വിശ്വത്തിലുന്നതമായൊരീ ബന്ധങ്ങൾ
ശിഷ്ടജീവിതം കഷ്ടം വരുത്തല്ലേ
ശിഷയീ ഭുമിയിൽ തന്നെ സുനിശ്ചിതം

Sunday, 13 April 2014

വാടികരിഞ്ഞു വിടരാൻ മടിച്ചു നീ
പ്ലാസ്റ്റിക്ക് കുടിനകത്തുറങ്ങീടുന്നു
വറ്റാത്ത പ്രതീഷകളൊളിപ്പിച്ചു ഞങ്ങളും
ഉണ്മേഷമുണർവ്വിനു കാത്തിരുന്നിടുന്നു
പൂക്കളുകാട്ടി കൊതിപ്പിക്കണമീ
പത്രാസുകാരാം ഫ്ലാറ്റുനിവാസികളെ
വല്ലാത്ത വിലകൊടുത്തീ പാഴ് മൊട്ടുകൾ
വിരിയാനായി ഞങ്ങൾ കാത്തിരുന്നീടുന്നു
കേരളമെന്നാൽ സുന്ദരം, പല പല
ഘോഷങ്ങൾ കൊണ്ടു സ മ്യദ്ധം
ഇങ്ങനെ ചൊല്ലി പഠിപ്പിച്ചവർ
വിഷുവും വർഷവും ഓർമ്മയിൽ ചേർക്കുന്നു
കണിവെള്ളരിയ്ക്കു പാടങ്ങളില്ല
കണികൊന്നയ്ക്കതിരുകളില്ല
കൊയ്ത്തുകാരും മെതിക്കാരുമില്ലയീ
കേരളമെന്നാൽ ദരിദ്രം, ഇപ്പോൾ
ഘോഷങ്ങളൊക്കെ ചരിത്രം
എങ്കിലും, മറക്കാതെ മനസിൽ സുഷിപ്പു ഞങ്ങളീ
ഒരിക്കലും വാടാത്ത വിഷുവോർമ്മകൾ
ഓർമ്മയിലെങ്ങിലും വന്നിടട്ടെ ചെറു
ഘോഷങ്ങൾ തന്നു മടങ്ങിടട്ടെ

Wednesday, 26 March 2014

അടുക്കളയിൽ തേങ്ങാചമ്മന്തിയുടെ വാസന
അടുപ്പത്ത് നേർത്ത് മൊരിഞ്ഞ ചൂട് ദോശ
പശുവിൻപാലൊഴിച്ച് കൊഴുപ്പിച്ച കടുത്ത ചായ
പാത്രത്തിൽ നിറഞ്ഞങ്ങനെ പൂവൻ പഴവും ചെറുപഴവും
വിളിച്ചുണർത്തുന്നത് അമ്മ
വിളിപുറത്ത് അമ്പലകുളം
തേയ്ച്ചുകുളിക്കാൻ ഈഞ്ച
തലയിൽ തേയ്ക്കാൻ കൈതോന്നിയെണ്ണ
മനം നിറഞ്ഞ് ആലിലകണ്ണൻ
മധുരം ചാലിച്ച വെണ്ണ
കൈതപൂവിന്റെ മണം
കൊതിയോടെ വേകുന്ന പുന്നെല്ലുപായസം
സ്വർണ്ണവർണ്ണത്തിലതിരിട്ട നെല്പാടങ്ങൾ
സർവ്വവും മറക്കുവാൻ പറയുന്ന ഇളം കാറ്റ്
കാതിലൊരിമ്പമായി പാദസ്വരകിലുക്കം
കണ്ടിട്ടും കാണാത്തൊരിഷ്ടം
അമ്പലമണിയല്ല ആറരയുടെ അലാറം
അമ്പലവും ആൽത്തറയും ഇളം കാറ്റുമൊക്കെ
സ്വപ്നങ്ങൾ കലാകാരന്മാരാണു തീർച്ച
സ്വർഗ്ഗത്തിലേയ്ക്കു അവ നമ്മെയും കുട്ടാറുണ്ട്
പിറന്ന നാടൊരു സ്വർഗ്ഗം തന്നെ
പ്രവാസികൾക്കെങ്കിലും ........

Monday, 24 March 2014

മഴക്കാലത്താണു,  സൗഹ്രദത്തിന്റെ കുടചൂടി
മുഖപുസ്തകത്തിലെത്തുന്നത്
മനുഷ്യത്വത്തിന്റെ ചായമുണങ്ങുന്നതു വരെ
മഴ നനയാതെ നില്ക്കാമെന്നു കരുതി
മതവാദികളും മതേതരവാദികളും ചേർന്ന്
മഴയത്തേയ്ക്കു പിടിച്ചു തള്ളി
മനുഷ്യത്വത്തിന്റെ കടുത്ത ചായം ഉരുകിയൊലിക്കുന്നത്
മൗനമായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു
മനുഷ്യനായി മാറാനെത്തിയവരൊക്കെയും
മികച്ച മതാനുഭാവികളായി മാറി