Wednesday, 31 December 2014

മഞ്ഞും മഴക്കാറുമീ കൊച്ചു തെന്നലും
മായാത്ത നിദ്രതൻ ആലസ്യലാസ്യവും
പുതുവർഷപുലരി വിളിക്കുന്നിതാദ്രമായി
പുതിയ പ്രതീക്ഷതൻ വർണ്ണങ്ങളൊരുക്കുവാൻ
"ശുഭദിനം"

Saturday, 20 December 2014


വരണ്ടയീ മണ്ണിൽ കണ്ണീർ തളിച്ചു
വിയർപ്പുപ്പു വളമാക്കി കിനാവു നട്ടു
പൊട്ടി മുളച്ച ചിന്തതൻ കളകൾ
പൊട്ടിചിരികൊണ്ട് മുടിവച്ചു
വിരഹത്തിൽ നോവും ഹൃത്തിൽ നാമെല്ലാം
വിങ്ങലടക്കിയൊതുക്കി വച്ചു
എങ്കിലും പ്രവാസമേ പിരിയുവതെങ്ങനെ ഞാൻ

Wednesday, 17 December 2014

കുഞ്ഞു ചകിരി നാരുകൾ കൊണ്ടവർ
കൊച്ചുകളിവീടുണ്ടാക്കി കളിക്കുന്നു
കാറ്റേ വീശി പറത്തികളയരുതിളം
കാറ്റിലുലഞ്ഞവർ ചിരിച്ചുവളരട്ടെ
മുത്തുപോലുള്ളൊരീ പുഞ്ചിരിയെന്തിനു
മരണം കൊടുത്തു കെടുത്തികളയുന്നു
മുത്തുനബിയുടെ പൊന്നോമനകളിവർ
മുത്തം കൊടുത്തു വളർത്തിയെടുക്കുക
ഏതുദേശവേഷഭുഷാദികളെങ്കിലും മക്കൾ
സർവ്വേശ്വരന്റെ സ്യഷ്ടികൾ സ്വത്തുക്കൾ
ഏകോദരസോദരർ നമ്മളീ ലോകത്തിൽ
സമാധാനത്തിന്റെ വിത്തുവിതയ്ക്കുക
മതങ്ങൾ കൊണ്ടകലാതിരിക്കുവാൻ
മനുഷ്യഗുണഗണങ്ങൾ കൊടുത്തു വളർത്തുക
മഞ്ഞുപോൽ നേർത്തൊരീ പുഞ്ചിരി വിശ്വത്തിൽ
മനസുകൾ തമ്മിലൊരൈക്യം വളർത്തട്ടെ

Thursday, 11 December 2014

വാക്കുകൾ കൊണ്ടു വിഷം തളിച്ചു നാം
വിസ്മരിച്ചീടുന്നു പവിത്രമീ സൗഹൃദം
നെഞ്ചകം പിളർത്തുന്ന വാളിനെക്കാൾ ഭീകരം
വഞ്ചനയൊളിപ്പിച്ചു ചിരിക്കുന്ന സൗഹൃദം

Tuesday, 4 November 2014

ഒരു പന്തിയിൽ രണ്ടു ഭോജനം


അതിജീവനത്തിനു ചുംമ്പനം വില്ക്കുന്നവരും
പുരോഗമനത്തിനു ചുംമ്പനം വില്ക്കുന്നവരുമുണ്ട്
വിശപ്പകറ്റാൻ തുണിയുരിയുന്നവരും
വിപ്ളവം വരുത്താൻ തുണിയുപേക്ഷിക്കുന്നവരുമുണ്ട്
മറയ്ക്കാനുള്ളതിനു വഴികാണാതെ ഒരു പക്ഷം
മറയ്ക്കേണ്ടതൊക്കെ തുറന്നു കാട്ടുന്ന മറുപക്ഷം
എന്നാൽ ആദ്യത്തെ കൂട്ടർ തൊട്ടുകുടാത്തവരും
രണ്ടാമത്തെ കുട്ടർ വിശിഷ്ടാഥികളുമാകുന്നു
പുരോഗമനവാദികൾ യഥേഷ്ടം അശ്ലീലം വിളമ്പുന്നു
കൈയ്യടിച്ചും ആർത്തുവിളിച്ചും നാമവയെ ഭക്ഷിക്കുന്നു
ശ്ലീലമെങ്കിലും അശ്ലിലമാകുമോ എന്നു ഭയക്കുന്നവരെ
നമ്മൾ അയിത്തം പറഞ്ഞു മാറ്റിനിർത്തുന്നു
ഒരു പന്തിയിൽ രണ്ടു ഭോജനം

Monday, 15 September 2014

മാസ്മരിക വർണ്ണങ്ങളൊരുക്കി
മാടിവിളിക്കുന്നു ക്ഷണികമീ ജീവിതം
സന്തോഷാശ്രു കണ്ണൂനീർ തുള്ളികൾ
സമ്മിശ്രവികാര സല്ലാപ ലോകം
ഇന്നത്തെ സ്നേഹിതൻ നാളെ നിശാചരൻ
ഇവിടെ കാപട്യമലങ്കാരം ഭൂഷണംThursday, 11 September 2014


അരി തിളയ്ക്കുന്നതിനൊപ്പം
അമ്മയുടെ മനസും തിളയ്ക്കുന്നുണ്ട്
ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പുറത്തേയ്ക്ക്
ഇടറിയിടറി വരുന്നത് അച്ഛനാണോയെന്ന്
അടിയും തൊഴിയും തെറിയും കഴിഞ്ഞിന്നും
അമ്മയുടെ കണ്ണീരുപ്പ് കലർന്ന കഞ്ഞി കുടിക്കണം
ഉറക്കെ ചിരിക്കാതെയും ഉച്ചത്തിൽ കരയാതെയും
എത്രനാളിങ്ങനെ..................
കണ്ണീരിനില്ലാത്ത വിലയാണു കള്ളിനു
“കോടതി കോപ്പ്”

 

Sunday, 31 August 2014

ദിർഹവും ദിനാറും റിയാലുമങ്ങനെ
കനവിലൊരായിരം പ്രതീക്ഷകളിങ്ങനെ
മൂല്ല്യങ്ങളേറിയും കുറഞ്ഞും മനസിൽ
പീലിനിവർത്തിയാടുന്ന നേരം
പ്രയാസമാണെങ്കിലും പ്രവാസമേ...
പറിച്ചെറിയുന്നതെങ്ങനെ ഞാൻ നിന്നെ

Monday, 11 August 2014

കടമായിജന്മം കനിഞ്ഞു തന്നവൾ അമ്മ
കരക്കാരറിയെ കരം പകർന്നവൾ ഭാര്യ
കരളിൽ വാൽസല്ല്യ ചൂടുപകർന്നവൾ മകൾ
ഇങ്ങനെ ബന്ധങ്ങൾ ചുറ്റും നിറയുമ്പോൾ
അമ്മതൻ വയറ്റിലൊരുമിച്ചുറങ്ങണ്ട
ചരടിനാൽ ബന്ധിച്ചു വിളിച്ചുണർത്തണ്ട
ചാരത്തുനിൽപ്പവൾ സോദരിയെന്നറിയുവാൻ
രക്ഷചരടു ബന്ധിച്ചോർക്കണ്ട
രക്ഷാകവചമായി കൂടെയുണ്ടാവാൻ

Saturday, 26 July 2014

കണ്ണീരുപ്പു കുഴച്ചൊരുപിടി പച്ചരി ചോറുമായ്
കടന്നു പോകുന്നീവഴി കർക്കിടകം
രാമായണത്തിന്റെ നേർത്ത ശീലുകൾ
രാഗാദ്രമായിയെന്നെ തഴുകി തലോടുന്നു

മുപ്പതു നാളിലെ നോമ്പിന്റെ പുണ്യം
മുറുകെ പിടിച്ചെന്റെ സോദരൻ പറയുന്നു
കടന്നു പോകുന്നതൊരു ജന്മ സുകൃതം
കനിഞ്ഞു നല്കട്ടെ വിശുദ്ധിയും ശക്തിയും

കരളിൽ നമ്മുക്കെന്തു വെറുപ്പും, മടുപ്പും
കരങ്ങൾ കോർത്തിണക്കാം പൊറുക്കാം
വിശ്വാസം വ്യത്യസ്തമെങ്കിലും നമ്മളീ
വിശ്വത്തിൽ വന്നു പിറന്നവർ സോദരർ

പുണ്യനാളുകൾ പകുത്തു നല്കുന്നു
പങ്കുവയ്ക്കാനുള്ള മനസും മനുഷ്യത്വവും
വിശുദ്ധഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നു
വിലപെട്ട ജന്മം സ്നേഹം വളർത്താൻ

ഗ്രന്ഥങ്ങളെ ചൊല്ലി കലഹിച്ചു നമ്മളീ
ഗന്ധർവ്വലോകം കൊലക്കളമാക്കല്ലേ
പകർത്തുനല്കരുതാരും വിദ്വോഷം
പുണരാം പുണ്യനാളുകൾ സഹോദരരായി

Monday, 23 June 2014


അമ്മതൻ നെഞ്ചിലെ മധുരവുമീ കുഞ്ഞിനു
നുരഞ്ഞുപൊന്തുന്ന ലഹരിതൻ ദ്രാവകം
കെട്ടുപൊട്ടിക്കും വികാരതള്ളിച്ചയിൽ
പെട്ടുപോകുന്നു പേറ്റുനോവും താരാട്ടും
കേരളം വളരുന്നു ദേശദേശാന്തരങ്ങളിൽ
ഉയർത്താനാവാത്ത ശിരസുമായങ്ങനെ

Tuesday, 17 June 2014

നാളെ ഇവിടെ പിറക്കേണ്ട ഞങ്ങൾക്ക്
നീക്കിവച്ചിട്ടുള്ളതെന്താണൂ നിങ്ങൾ
ബാക്കിവച്ചിട്ടുള്ളതെന്താണു
ഞാറുമീ ഞാറ്റുവേലയും പണ്ടേ
ഞങ്ങളറിയാതെ വിറ്റില്ലേ
കാറ്റിനെ പോലും തടുത്തുനിർത്തി നിങ്ങൾ
കാടിനെ നാടാക്കി മാറ്റിയില്ലേ
മലയും പുഴയും മറന്നിട്ടു ഞങ്ങളീ
മരുഭൂമിയിൽ വന്നു പിറക്കണമോ
വികസനമെന്ന വീർപ്പുമുട്ടൽ കാട്ടി
വെളിച്ചം നിങ്ങൾ കെടുത്തികളഞ്ഞു
എങ്ങനെ ഞങ്ങൾ വെള്ളം കുടിക്കും
എങ്ങനെ ഞങ്ങൾ വായു ശ്വസിക്കും
നന്മതൻ പച്ചവിരിച്ചയീ ഭൂമിയെ
നന്ദിയില്ലാതെ നശിപ്പിച്ചവർ നിങ്ങൾ
ശുദ്ധജലവും പ്രാണവായുവും അമ്പേ
തച്ചുതകർത്തവർ നിങ്ങൾ
തലമുറയ്ക്കായി കരുതിവയ്ക്കാത്ത
തലതിരിഞ്ഞ പ്രക്യതിവിരോധികൾ

Saturday, 14 June 2014

നുരഞ്ഞുപൊന്തുന്നിളം കള്ളിൽ മുങ്ങി
തകർന്നു പോകരുത് നാളെതൻ യുവത്വം
എരിഞ്ഞു തീരും പുകചുരുളുകൾക്കിടയിൽ
എണ്ണിയൊടുങ്ങരുതീ ജന്മസുക്യതം
പടർത്തുന്നതെന്തും ലഹരി അശുദ്ധം
സിരകളിൽ അവയൊരു വെറുപ്പ് പകരും
സ്വബോധമില്ലാതെ കാട്ടും വിക്യതികൾ
സമാധാനമില്ലാത്ത കുടുംമ്പം രചിക്കും
ഗുരുദേവ പാതപിന്തുടരുക നമ്മൾ
ഖുറാൻ വചനങ്ങൾ ഉരുവിടുക നമ്മൾ
ലഹരിവസ്തുക്കളോരു മഹാവിപത്ത്
അയിത്തം കൊടുത്തവ ആട്ടികളയുക
ചെറുത്തു നമ്മൾ പണ്ടുമിതുപോൽ
കരുത്തുകാട്ടിയ വെള്ളപടയെ
നയിക്കാം നമ്മുക്കിനിയുമൊരു സമരം
യുവത്വത്തെ കാർന്ന ലഹരിയ്ക്കെതിരെ
ഒരുമിച്ചു ചേരാം ഒരുമിച്ചു പറയാം
ഒരിക്കലും വേണ്ടയീ ലഹരിതൻ കരുത്ത്
നാളെത്തെ യുവത്വമുണരട്ടെ ബോധത്താൽ
അണിചേരുക നമ്മളീ സമരത്തിൽ വീണ്ടും

 

Sunday, 8 June 2014

വറുതിയും അരവയറുമെങ്കിലും പണ്ടത്തെ
വറ്റാത്ത നന്മയിൽ വളർന്നവർ നമ്മൾ
വെളുക്കെ ചിരിച്ചു വെറുപ്പു പടർത്തി പെട്ടെന്നു
വെറുക്കപെട്ടവരായി മാറിയതെങ്ങനെ
ഹ്യത്തിന്റെ ബന്ധനം പൊട്ടിച്ചെറിഞ്ഞത്
ഹർഷാരവത്തോടെ അയലുകൾ പുണർന്നതും
മതിലുകളില്ലാത്ത സൗഹ്രദസദസുകൾ
മതസൗഹാർദ്ദത്തിന്റെ കരുത്തു പകർന്നതും
എനിക്കു നിനക്കെന്നു ഭേദങ്ങളില്ലാത്ത
എത്രയോ അത്താഴപട്ടിണി രാവുകൾ
ഉള്ളതിലല്പം പങ്കിട്ടു കഴിക്കുവാൻ നമ്മൾ
ഉണ്ണാത്തവനെ ചെന്നു വിളിക്കുന്ന കാലം
ഓർക്കുവാൻ മാത്രമേ സാധിക്കുവെങ്കിലും
ഓർമ്മയിൽ തിളക്കമേറുന്നു ബാല്ല്യം
കാലത്തിനൊപ്പം കുതിച്ചു പാഞ്ഞു നമ്മൾ
കോലം കെട്ടിമറിഞ്ഞു, കണ്ടാലറിയാതെ  മാഞ്ഞു
ആർത്തിതൻ കൊടും വിഷം തളിച്ചു വളർത്തുന്നു
അഹങ്കാരത്തിന്റെ ബോൺസായ് മരങ്ങളെ
വളർച്ചമുരടിച്ച മനസും, പ്രവർത്തിയും
വീഴ്ചകൾ തന്നു കടന്നു പോകുന്നു
കണ്ണടച്ചു തുറക്കുന്നതിൻ മുന്നേ നമ്മൾ
കള്ളത്തരത്തിന്റെ വ്യൂഹം ചമച്ചു
അയലുകൾ തമ്മിലടച്ചു കരിങ്കൾ കെട്ടിനാൽ
അർഥത്തെ മാത്രം സ്മരിച്ചു
മാറ്റമുൾകൊള്ളുക വേണമതെങ്കിലും
മനുഷ്യൻ ഇങ്ങനെ മാറുക വേണോ
തമ്മിലറിയാതെ തന്നെയറിയാതെ
തന്മതികെട്ടു നടക്കണമോ നമ്മൾ തമ്മിൽ തല്ലി മരിക്കണമോ ? 

Thursday, 5 June 2014

അനാഥരും അശരണരും നിരാലംമ്പരും തെരുവിലലഞ്ഞു തിരിയുകയോ, മോഷ്ടാക്കളും, പോക്കറ്റടിക്കാരും , ലഹരിവസ്തുക്കൾക്കടിമകളാവുകയോ ചെയ്തുകൊള്ളട്ടെ അവരെ സംരഷിക്കരുത് സഹായിക്കരുത്.......................

"കുടെപിറപ്പായി ജനിച്ച ദാരിദ്രം
കുറതുണികൊണ്ട് പാതിമറച്...ച നഗ്നത
ചൂഷണം ചെയ്തവർ തന്ന ലഹരിയും മുറിപാടും
തെരുവിലഞ്ഞു മടുത്ത ഇരവും പകലും
ചീറിപാഞ്ഞു കടന്നുപോയ സാമ്പത്തിക ഭദ്രത
നീട്ടിയ കൈകളിൽ ആഞ്ഞുപ്രഹരിച്ച നീതിബോധം
വിശപ്പ് സഹിക്കവയ്യാതെ മോഷ്ടിച്ച അപ്പകഷ്ണം
ശിഷയായി കിട്ടിയ ജയിൽ വാസം

ഗുരുവരന്മാരില്ലാത്ത അറിവും പഠിപ്പും
ഗഗ്ദങ്ങൾ പാതിയൊതുക്കിയ നെഞ്ചകം
ദുരിതങ്ങളിങ്ങനെ വന്നെന്റെ ചോറിൽ വിഷം ചേർത്തു
വാരികഴിക്കാൻ പറഞ്ഞതും കുറ്റം

വഴിയിൽ നേർവഴി കാണാതിരുളിലൊരു നാൾ
നേർത്ത വെളിച്ചം തെളിച്ചവർ തന്നു
ചോറും ഉപ്പും അതിലൊരു തുള്ളി സ്നേഹവും
വ്യത്തിയും വെടിപ്പും ഈശ്വരചിന്തയും
കിടക്കയും നല്ല ഉറക്കവും സ്വപ്നവും
മനുഷ്യത്തമിങ്ങനെ ആരു ചെയ്തീടിലും
മനുഷ്യകടത്തെന്നു എങ്ങനെ ചൊല്ലിടും"

Saturday, 31 May 2014


കരങ്ങൾ ചേർത്തുപിടിച്ചു  പുണർന്നും
കരഞ്ഞുമിടയ്ക്കു ചിരിച്ചും കളിച്ചും
കാല്കൊണ്ട് വെള്ളം ചവിട്ടി മെതിച്ചും
കുടകൊണ്ട് മഴയെ തടുത്തും ചെറുത്തും
പുതുമണം മാറാത്ത പുത്തനുടുപ്പിൽ
പെൻസിൽ ചിത്രങ്ങൾ കോരിവരച്ചും
പായുന്ന പറവയ്ക്ക് മുമ്പേ ഗമിച്ചും
പള്ളികുടത്തിലേയ്ക്കു വീണ്ടുമീ ബാല്ല്യം
ആദ്യാക്ഷരത്തിന്റെ മധുരം നുണയാൻ
ആഹ്ളാദമോടെ കുതിക്കും കുരുന്നേ
നാടിന്റെ നേരും നെറിവും കാക്കുവാൻ
നേരുന്നു നന്മകൾ, ഉയരങ്ങൾ താണ്ടട്ടെ

 

Tuesday, 27 May 2014

നാനാത്വത്തിൽ എകത്വമൊരുക്കി അങ്ങു
നയിച്ചയീ വർണ്ണ പ്രപഞ്ചം
സോഷലിസ്റ്റാശയങ്ങൾ മുത്തുകളാക്കി
അങ്ങണിയിച്ചയീ പുഷ്പഹാരം
മതേതരത്വത്തിന്റെ മഹാസമുദ്രം
മനുഷ്യനന്മകൾ ചേർത്തിണക്കി
ഇന്നും മങ്ങാത്ത ശോഭകൾ ചാർത്തി
വർണ്ണവിസ്മയമായി നിറഞ്ഞു നില്ക്കുന്നു
ചേരിചേരാ നയങ്ങളുയർത്തീയീ ലോകം
ഇൻഡ്യയെ നമിക്കുന്ന കാഴ്ചയൊരുക്കി
നടന്നു മാഞ്ഞു മറഞ്ഞ മഹാത്മാവേ
നന്ദിയോടെ സ്മരിക്കുന്നു ഞങ്ങൾ
(ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ 50 മത് ചരമവാർഷികം)

Tuesday, 20 May 2014

രാജ്യത്തെ സ്നേഹിച്ച രാജീവ നയനാ
രാജ്യം മറക്കില്ലയീ ദീപ്തസ്മരണ
ഓർമ്മയിലിപ്പോഴും ജീവനായി രാജീവൻ
മായാത്ത ചിത്രമായി ജ്വലിച്ചുനില്ക്കുന്നു
കാലമുണക്കാത്ത മുറിവുകളില്ല
കണ്ണീരുണങ്ങാത്ത വേർപാടുകളില്ല...
എങ്കിലുമിന്നുമൊരു നൊമ്പരമായി നീ
എന്റെ ചങ്കിലിരുന്നു വിങ്ങി കരയുന്നു
പ്രത്യാശയോടെ ഞങ്ങൾ തെളിയിച്ച ദീപം
പെട്ടെന്നു തല്ലികെടുത്തിയ കാട്ടാളാ
കത്തികരിഞ്ഞു കറുത്ത നാളെതൻ സ്വപ്നം
കരളിലിരുന്നു നീറി പിടയുമ്പോൾ
എത്ര ന്യായീകരണങ്ങൾ കേൾക്കിലും
പൊറുത്തു കൊടുക്കുവാനാവില്ലൊരിക്കലും

(രാജീവ് ഗാന്ധിയുടെ ദീപ്തസ്മരണകൾക്കു മുന്നിൽ കണ്ണീർ പ്രണാമം)

Thursday, 24 April 2014

വിശ്വാസം കൊണ്ട് തകരാതിരിക്കട്ടെ
വിശ്വത്തിലുന്നതമായൊരീ ബന്ധങ്ങൾ
ശിഷ്ടജീവിതം കഷ്ടം വരുത്തല്ലേ
ശിഷയീ ഭുമിയിൽ തന്നെ സുനിശ്ചിതം

Sunday, 13 April 2014

വാടികരിഞ്ഞു വിടരാൻ മടിച്ചു നീ
പ്ലാസ്റ്റിക്ക് കുടിനകത്തുറങ്ങീടുന്നു
വറ്റാത്ത പ്രതീഷകളൊളിപ്പിച്ചു ഞങ്ങളും
ഉണ്മേഷമുണർവ്വിനു കാത്തിരുന്നിടുന്നു
പൂക്കളുകാട്ടി കൊതിപ്പിക്കണമീ
പത്രാസുകാരാം ഫ്ലാറ്റുനിവാസികളെ
വല്ലാത്ത വിലകൊടുത്തീ പാഴ് മൊട്ടുകൾ
വിരിയാനായി ഞങ്ങൾ കാത്തിരുന്നീടുന്നു
കേരളമെന്നാൽ സുന്ദരം, പല പല
ഘോഷങ്ങൾ കൊണ്ടു സ മ്യദ്ധം
ഇങ്ങനെ ചൊല്ലി പഠിപ്പിച്ചവർ
വിഷുവും വർഷവും ഓർമ്മയിൽ ചേർക്കുന്നു
കണിവെള്ളരിയ്ക്കു പാടങ്ങളില്ല
കണികൊന്നയ്ക്കതിരുകളില്ല
കൊയ്ത്തുകാരും മെതിക്കാരുമില്ലയീ
കേരളമെന്നാൽ ദരിദ്രം, ഇപ്പോൾ
ഘോഷങ്ങളൊക്കെ ചരിത്രം
എങ്കിലും, മറക്കാതെ മനസിൽ സുഷിപ്പു ഞങ്ങളീ
ഒരിക്കലും വാടാത്ത വിഷുവോർമ്മകൾ
ഓർമ്മയിലെങ്ങിലും വന്നിടട്ടെ ചെറു
ഘോഷങ്ങൾ തന്നു മടങ്ങിടട്ടെ

Wednesday, 26 March 2014

അടുക്കളയിൽ തേങ്ങാചമ്മന്തിയുടെ വാസന
അടുപ്പത്ത് നേർത്ത് മൊരിഞ്ഞ ചൂട് ദോശ
പശുവിൻപാലൊഴിച്ച് കൊഴുപ്പിച്ച കടുത്ത ചായ
പാത്രത്തിൽ നിറഞ്ഞങ്ങനെ പൂവൻ പഴവും ചെറുപഴവും
വിളിച്ചുണർത്തുന്നത് അമ്മ
വിളിപുറത്ത് അമ്പലകുളം
തേയ്ച്ചുകുളിക്കാൻ ഈഞ്ച
തലയിൽ തേയ്ക്കാൻ കൈതോന്നിയെണ്ണ
മനം നിറഞ്ഞ് ആലിലകണ്ണൻ
മധുരം ചാലിച്ച വെണ്ണ
കൈതപൂവിന്റെ മണം
കൊതിയോടെ വേകുന്ന പുന്നെല്ലുപായസം
സ്വർണ്ണവർണ്ണത്തിലതിരിട്ട നെല്പാടങ്ങൾ
സർവ്വവും മറക്കുവാൻ പറയുന്ന ഇളം കാറ്റ്
കാതിലൊരിമ്പമായി പാദസ്വരകിലുക്കം
കണ്ടിട്ടും കാണാത്തൊരിഷ്ടം
അമ്പലമണിയല്ല ആറരയുടെ അലാറം
അമ്പലവും ആൽത്തറയും ഇളം കാറ്റുമൊക്കെ
സ്വപ്നങ്ങൾ കലാകാരന്മാരാണു തീർച്ച
സ്വർഗ്ഗത്തിലേയ്ക്കു അവ നമ്മെയും കുട്ടാറുണ്ട്
പിറന്ന നാടൊരു സ്വർഗ്ഗം തന്നെ
പ്രവാസികൾക്കെങ്കിലും ........

Monday, 24 March 2014

മഴക്കാലത്താണു,  സൗഹ്രദത്തിന്റെ കുടചൂടി
മുഖപുസ്തകത്തിലെത്തുന്നത്
മനുഷ്യത്വത്തിന്റെ ചായമുണങ്ങുന്നതു വരെ
മഴ നനയാതെ നില്ക്കാമെന്നു കരുതി
മതവാദികളും മതേതരവാദികളും ചേർന്ന്
മഴയത്തേയ്ക്കു പിടിച്ചു തള്ളി
മനുഷ്യത്വത്തിന്റെ കടുത്ത ചായം ഉരുകിയൊലിക്കുന്നത്
മൗനമായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു
മനുഷ്യനായി മാറാനെത്തിയവരൊക്കെയും
മികച്ച മതാനുഭാവികളായി മാറി

Wednesday, 19 March 2014

“ബാഷ്പാഞ്ജലിയോടെ പ്രണാമം”

വിടരുന്നതിൻ മുന്നേ കൊഴിഞ്ഞതീ ചെമ്പകം......
വാനിൽ തിളക്കമേറുന്നതാം താരകം
കശക്കിയെറിഞ്ഞു കളഞ്ഞെങ്കിലും രാജീവനീ
കരളിൽ നിറഞ്ഞുനില്ക്കയാണു ജീവനായി
അങ്ങു തെളിച്ചതാം പാതയാണിപ്പോഴും ...
ഞങ്ങൾ യുവാക്കൾക്കു യാത്രയൊരുക്കുന്നതും
അങ്ങു കൊളുത്തിയ ദീപമാം വാക്കുകൾ
ഞങ്ങൾക്കിരുട്ടിൽ വെളിച്ചമാകുന്നതും
ഇൻഡ്യയെകുറിച്ചങ്ങു കണ്ടകിനാക്കൾ
ഇനി വരും നാളൊന്നിൽ യാഥാർഥമാകുന്നതും
വികസനത്തിൻ ചിറകിലേറി നമ്മൾ
വിദൂരത്തിലേയ്ക്കു കുതിച്ചുയരുന്നതും
മാർഗദർശിയായി കുടെയുണ്ടാവുമീ ചിത്രം
മരിക്കാത്ത ദീപ്തസ്മരണകൾ മാതിരി

Tuesday, 11 March 2014

പഠിക്കാൻ പോകുമ്പോഴാണു കാണിക്ക വഞ്ചി കാണുന്നത്
പള്ളികുടത്തിൽ പോകാത്ത ദൈവത്തിനു കോടികൾ
പുത്തനാശയത്തിനു രുപം കൊടുക്കാൻ
പുസ്തകങ്ങൾ അമ്പലകുളത്തിലേയ്ക്ക്

ആല്മരത്തിനു ചുവട്ടിൽ ചമ്രം പടിഞ്ഞിരിപ്പായി
ആദ്യമാദ്യം അന്നത്തിനുള്ളതായി പിന്നെ
ആതുരാലയങ്ങളും അനാഥശാലകളുമായി
ആത്മവ്യാപാരശാലകളിൽ മനുഷ്യമാംസം വരെയായി
ദൈവത്തിനിപ്പോൾ തിരക്കുകളേയില്ല
കാണിക്കവഞ്ചിയ്ക്ക് പഴയ ഭാരവും,
ഞങ്ങൾക്കു വേണ്ടത്,
കെട്ടിപിടിക്കാത്ത ഉമ്മവയ്ക്കാത്ത പാവ ദൈവത്തെയല്ല
ആത്മീയതയുടെ മൊത്തവ്യാപാരിയായ ആൾദൈവത്തെ
ശുഭവസ്ത്രധാരിയായ ഒരു മതവികാരം
എന്റെ മനസിലും വ്യണപെടുന്നുണ്ട്
അത്, വിശ്വാസം വ്യണപെട്ടതുകൊണ്ടല്ല
വ്യാപാരം വ്യണപെട്ടതുകൊണ്ടാണു


Saturday, 8 March 2014


കാച്ചെണ്ണയും രാസനാദിപൊടിയും മണക്കുന്ന
പഴമയുടെ മണമുള്ള അമ്മമ്മയുടെ മുറി
വാൽസല്ല്യത്തോടെ മാറ്റിവയ്ക്കുന്ന നാണയതുട്ടുകൾ
സ്നേഹം ചാലിച്ച് ഉപ്പും പുളിയും മുളകുമലിയിച്ച്
അമ്മയുരുട്ടി തരുന്ന പച്ചരിചോറിന്റെ രുചി
പള്ളികുടത്തിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ
പടിവാതിക്കലമ്മയുടെ ആകാംഷപൂണ്ട നോട്ടം
എത്രവട്ടം തല്ലിപിണങ്ങിയാലും
പിന്നെയും തല്ലുവാങ്ങുവാനെത്തുന്ന കുഞ്ഞുപെങ്ങൾ
അച്ഛന്റെ തല്ലിലെൻ മനസുനോവുമ്പോൾ
കണ്ണീർതുടയ്ക്കുന്ന സ്നേഹവായ്പ്
താലിചരടിൽ ഞാൻ കോർത്തെടുത്ത ബന്ധം
തരളിത സ്നേഹത്തിന്റെ താങ്ങായ് മാറുന്നു
പരിഭവത്തിന്റെ നേർത്ത പിണക്കങ്ങളുണ്ടെങ്കിലും
പ്രിയതമയൊരാശ്വാസമാകുന്നു
കുഞ്ഞു കാലടികൾ ചവിട്ടയവളീ
നെഞ്ചിലേറി മാനം കാണുമ്പോൾ
കഠിനമാകുമേതച്ഛന്റെ ഹ്യദയവും
മാനുഷ്യത്തിന്റെ മധുരം രുചിക്കുന്നു
സ്ത്രീകൾ ഇവരെന്റെ വീട്ടുകാരവർ
നേർവഴികാട്ടി ചുറ്റും സുഗന്ധം വിരിക്കുമ്പോൾ
കാണുവതെങ്ങനെ മറിച്ചൊരു കാഴ്ചകൾ
മഞ്ഞനിറമുള്ള കണ്ണട ചാർത്തി ഞാൻ

Saturday, 15 February 2014


ഒരിത്തിരി വെള്ളമുണ്ടിപ്പഴും വറ്റാതെ
ഹ്യത്തിലെപ്രണയകിണറിന്റെ ആഴങ്ങളിൽ
അരികിലുണങ്ങിയ ഓർമ്മതന്നിലകളെ
ആർത്തുപുല്കികിടക്കയാണീ തോയം
കൈകളെത്തിച്ചു കുമ്പിളിൽ കോരി
ചുണ്ടോടുപ്പിച്ച നേരം
വെള്ളതുള്ളികളിലിടയ്ക്കു തെളിയുന്നു സഖീ
വെള്ളികണ്ണൂള്ള നീയുമീമരത്തണലും കിണറും
വിലക്കുകളില്ലാത്ത വീഥികളിലൂടന്നു നമ്മൾ
വിരൽ കോർത്തു ചേർന്നു നടന്ന നാൾ
കാട്ടുപൂക്കളും കായകളും പങ്കിട്ടു പിന്നെ
കുട്ടരോടൊത്തു കുതിച്ചു പാഞ്ഞ നാൾ
പിറകിലെ ബഞ്ചുകളിലെങ്ങാനിരുന്നാരോ
പ്രണയമാരോടെന്നു ചോദ്യമെറീഞ്ഞ നാൾ
പുസ്തകതാളിൽ നിന്നൊരേടൂ കീറിയതിൽ
അക്ഷരതെറ്റു കുറിച്ചു നല്കീടവേ
പ്രണയമെന്തന്നറിവീലയെങ്കിലും സഖീ
നേർത്തനോവായി ഹ്യത്തിലുണ്ടിപ്പഴും
തടിച്ച ചൂരലാൽ തിണർത്ത പാടൂകൾ
കടന്നു പോയ് കാലങ്ങളേറേയും വിഷാദങ്ങൾ
കടന്നില്ല പ്രണയ കുരുക്കിൽ പിന്നൊരിക്കലും
തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങിനീ
തിരിച്ചുകിട്ടാത്ത ബാല്ല്യത്തിൽ നിന്നുമെന്നേയ്ക്കുമായി
കാത്തിരിക്കുവാൻ പറഞ്ഞില്ല നീയെങ്കിലും
കാത്തിരിന്നു ഏറെ നാൾ ഏകനായ്
കുട്ടിനെത്തിയൊരു കുട്ടുകാരിയെങ്കിലും
കരളിലവളൊരു പട്ടുറൂമാൽ തീർത്തെങ്കിലും
ഇടയ്ക്കു വന്നു വിളിക്കുന്നോർമ്മകൾ
ആദ്യപ്രണയകിനാവുകൾ,

 

Sunday, 26 January 2014

കേരളം തിരിഞ്ഞു നടക്കുന്നു (2)
വിദ്യാർഥികളും മദ്യപാനവും
പാശ്ചാത്യ രാജ്യത്തുള്ള ആൾക്കാരൊക്കെ കേരളത്തിൽ വന്നു തുണിയുടുക്കാൻ പഠിക്കുമ്പോൾ കേരളത്തിലെ ഷോഭിക്കുന്ന യുവത്വം തുണിയുരിഞ്ഞു കളയാൻ നോക്കുകയാണു, ന്യുജനറേഷൻ എന്നു പേരിട്ടു വിളിക്കുന്ന നിക്കർ ജനറേഷനുകളുടെ എണ്ണം അസൂയാർഹമാം വിധം വളരുന്നു എന്ന സന്തോഷത്തോടെ ഞായർ ചിന്തയിലേയ്ക്ക്
കഴിഞ്ഞയാഴ്ചയിലെ പ്രധാന പത്രവാർത്ത അച്ഛൻ വീട്ടിൽ കൊണ്ടു വച്ചിരുന്ന മദ്യം കഴിച്ച് എട്ടാം ക്ലാസുകാരനായ വിദ്യാർഥിമരിച്ചു എന്നതായിരുന്നു, ഞെട്ടിപ്പിക്കുന്ന ഒട്ടനവധി വാർത്തകർ പല പുറങ്ങളിലായി പത്രങ്ങളിലും ലൈവായി ചാനലുകളിലും ഉള്ളതിനാൽ ഈ വാർത്തയും അധികം ഞെട്ടിച്ചില്ല സാധാരണ കാണുന്ന ചരമങ്ങളിലൊന്നിൽ സംസ്കാരിക കേരളം ഈ വാർത്തയും വായിച്ചൊതുക്കി..., അസാധാരണമാം വിധം വാർത്ത കാണുമ്പോൾ ഇതു നടന്നത് നമ്മുടെ രാജ്യത്താണൊ എന്നു ചിന്തിച്ച എഴുപതുകൾ കടന്നു, ഈ വാർത്ത നമ്മുടെ സംസ്ഥാനത്താണൊ എന്നു ചിന്തിച്ച എൺപതുകൾ കടന്ന്, ഇതു സംഭവിച്ചത് എന്റെ ജില്ലയിലാണോ എന്നു ചിന്തിക്കുന്ന തൊണ്ണൂറൂം കടന്ന് ഒടുവിൽ ഇതു സംഭവിച്ചത് എന്റെ വീട്ടിലല്ലല്ലോ എന്നു ചിന്തിക്കുന്ന ന്യൂജനറേഷൻ എന്നു നാം അഭിമാനത്തോടെ സംബോധന ചെയ്യുന്ന കാലഘട്ടത്തിലാണു നാമിപ്പോൾ അവിടെ വിദ്യാർഥികൾ മദ്യം കഴിച്ചു മരിക്കും മദ്യത്തിനായി കരയും ഇതൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണു
മുല്ല്യചുതി സംഭവിക്കുന്നു എന്നു വിലപിച്ച സംസ്കാരിക നായകന്മാരും, സാമുഹികപ്രവർത്തകരും ന്യുജനറേഷൻ കാലഘട്ടത്തിൽ കുറയും, അച്ഛനും, മക്കളും അമ്മാവനും  മരുമക്കളും എന്നു വേണ്ട പ്രായഭേദമന്യേ ഒരുമിച്ചിരുന്നാഘോഷിക്കുന്ന വിനോദ പരിപാടിയാണു മദ്യപാനം, ആഘോഷവേളകളിൽ സന്തോഷ സന്ദർഭങ്ങളിൽ, സങ്കടകരമായ അവസ്ഥകളിൽ ഒക്കെ കൈയ്യിൽ നുരയുന്ന പതയുന്ന കണ്ണാടിഗ്ലാസുകളാണു ഹരമെന്നു പറയാം അപ്പോ ചോദിക്കാം പണ്ടു കാലങ്ങളിൽ മദ്യപാനം ഉണ്ടായിരുന്നില്ലേ എന്ന് തീർച്ചയായും ഉണ്ടായിരുന്നു, പുരാണങ്ങളിലും ഇതിഹാസങ്ങളിലും മദ്യസേവയെ കുറിച്ചു പരാമർശമുണ്ട് പക്ഷേ അതൊക്കെ അത്യാവശത്തിനുമാത്രം, ഉപയോഗിക്കുന്നവർക്ക് ഒളിവും മറയുമുണ്ടായിരുന്നു മദ്യപാനത്തിനും മാന്യതയുണ്ടായിരുന്നു ..
ലോകത്തിൽ മദ്യവ്യാപാരത്തിലൂടെ പണമുണ്ടാക്കുന്ന ഏക സർക്കാർ കേരളത്തിലേതാണു എന്നു തോന്നുന്നു പിന്നെ എന്തിനാണു മറയും ഒളിവും, സർക്കാർ തന്നെ സ്കൂൾ നടത്തുന്നു സർക്കാർ തന്നെ ആതുരാലയങ്ങൾ നടത്തുന്നു സർക്കാർ തന്നെ മദ്യവ്യാപാരവും നടത്തുന്നു സർക്കാർ നടത്തുന്ന സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു എന്തുകൊണ്ട് സർക്കാർ വില്ക്കുന്ന മദ്യം ഉപയോഗിച്ചുകുടാ.?
ആരാധന തോന്നുന്ന സിനിമാ താരങ്ങൾ തന്നെ പരസ്യങ്ങളിലുടെ നമ്മെ വൈകിട്ടത്തെ പരിപാടിക്കു ക്ഷണിക്കുമ്പോൾ ആർക്കാണു നിഷേധിക്കാൻ കഴിയുക? പിന്നെ വിദ്യാർഥികളുടെ കാര്യം പറയാനുണ്ടോ അവർക്കു താരം ഉപയോഗിക്കുന്ന ഈ ദ്രാവകം എന്തെന്നറിയാൻ ആഗ്രഹമുണ്ടാവുക സ്വാഭാവികം രക്ഷിതാക്കൾ അനുകുലമെങ്കിൽ പിന്നെ തടസമെന്തിനു വളരെ രസകരമായ ഒരു വായ്മൊഴി കേട്ടിട്ടുണ്ട് അത് തികച്ചും അർഥവത്താണു
“ ഒന്നു രണ്ടു ചിരട്ട കഴിക്കുവോളം
അച്ഛനുണ്ടോ വരുന്നുണ്ട് നോക്കണം
രണ്ടുമുന്നു ചിരട്ട കഴിച്ചെന്നാൽ
അച്ഛനാരടാ ഞാനടാ മോനടാ”
 ഇതു മദ്യപാനത്തിന്റെ വിപത്തിലേയ്ക്കാണു വിരൾ ചുണ്ടുന്നത് അച്ഛനെയും മകനെയും തിരിച്ചറിയാൻ സാധിക്കാത്ത സ്വന്തം സഹോദരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത പെറ്റമ്മയെയും മകളെയും തിരിച്ചറിയാൻ സാധിക്കാത്ത മദ്യമെന്ന മഹാവിഷത്തെ യുവത്വത്തിൽ നിന്നകറ്റാൻ നമ്മുടെ ഭരണകുടം കാര്യക്ഷമമായി ശ്രമിച്ചെങ്കിൽ, ബഡ്ജറ്റിലൂടെ വിദേശമദ്യങ്ങൾക്കു വിലകയറ്റി ലാഭം കുട്ടാൻ ശ്രമിക്കുന്ന സർക്കാർ ഈ മദ്യം കുഞ്ഞുങ്ങളിലെങ്കിലും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്


 

Tuesday, 21 January 2014

കാലം തിരിഞ്ഞു നടക്കുന്നു ഞാനുമീ
കാലത്തിനൊപ്പം നടന്നു കിതയ്ക്കുന്നു
കരളു നൊന്തുപിടയ്ക്കയാണെങ്കിലും
കാമനകൾ എന്നെ വീണ്ടും വിളിക്കുന്നു
സ്വപ്നങ്ങൾ ഹോമിച്ചു നമ്മളീ ഭുമിയിൽ
സ്വർഗ്ഗമൊരെണ്ണം ചമയ്ക്കാനൊരുങ്ങുന്നു
മണ്ണുപിരിച്ചു സ്വർഗ്ഗം ചമച്ചിട്ടു
മണ്ണിലേയ്ക്ക് തന്നെ മടങ്ങിയൊടുങ്ങുന്നു
മദ്യം കുടിച്ചു മക്കൾ മരിക്കുന്നു
മദിരാക്ഷികളിൽ മനസും രമിക്കുന്നു
നേരു പറയാതെ വാർത്തകൾ മരിക്കുന്നു
നന്മയെ കൊന്നവർ നാടു ഭരിക്കുന്നു
വേദങ്ങളെ ചൊല്ലി തർക്കം മുറുക്കുന്നു
വേദനതിന്നവർ വിഡ്ഡികളാകുന്നു
പ്രവാചകവചനങ്ങൾ പാഴ്വാക്കുളാകുന്നു
പ്രക്യതിയെ പോലും കുരിശിൽ തറയ്ക്കുന്നു
കണ്ണടച്ചീടുക, മുന്നോട്ട് പോയിടാം
കണ്ണുതുറന്നിവിടെ ജീവിക്കുക കഷ്ടം
കാപാലികകുട്ടമൊരു നരകം രചിക്കും
കാട്ടാളവേഷത്തിൽ ആർത്തട്ടഹസിക്കുംTuesday, 14 January 2014

തത്വമസിയെന്നല്ലേ പറഞ്ഞു ഭവാൻ
തത്വങ്ങൾ കാറ്റിൽ പറക്കുന്നതറിയുന്നുണ്ടാവാം
ജ്യോതി തെളിഞ്ഞു നിറഞ്ഞാലും മനസിന്റെ
ജാലകം തുറക്കാതെങ്ങനെ അശുദ്ധിമാറിടും
പുരോഗമനത്തിന്റെ കാവലാളുകൾ
പറിച്ചെറിഞ്ഞു കളഞ്ഞീനാചാരങ്ങൾ എങ്കിലും
അകത്തിപ്പഴും അറിയാതെ തിളച്ചു തുകുന്നുണ്ട് 
അഴുകിയ അയിത്തത്തിന്റെ തിരുശേഷിപ്പുകൾ
കുളിച്ചു കുറിതൊട്ടു ചിരിച്ചു വന്നിരിക്കുന്നു നാം
കടുത്ത ജാതികോമരങ്ങളാണു ഉള്ളിൽ വസിക്കുന്നതെങ്കിലും


 

Wednesday, 8 January 2014

പുതിയൊരു പാതതെളിക്കാം
പുതിയൊരു രീതിയൊരുക്കാം
ആവേശത്തിൻ അലകളുയർത്തി
ഒന്നായി നമ്മൾക്കണിചേരാം
ഇവിടെ ഒന്നായി നമ്മൾക്കണി ചേരാം...

അറബികടലിൻ റാണി,
കേരളചരിത്രമെഴുതും രാഞ്ജി
പ്രമുഖർ പലരും കപ്പലിലേറി കടന്നുവന്നൊരു വീഥി
ഇവിടെയിത്തിരി സൗഹ്രദവുമായി വിരുന്നിനെത്തുന്നു
ഐ.എൻ.സിയുടെ മുഖപുസ്തകം വിരുന്നിനെത്തുന്നു

അലകളുയർത്തിയീ കുട്ടായ്മ ഒരു ചരിത്രമെഴുതുമ്പോൾ
കടലും കായലുമൊരുമിച്ചിവിടെ സ്വാഗതമോതുന്നു
സഹർഷം സ്വാഗതമോതുന്നു

നാടിനെയറിയുന്നു ഞങ്ങൾ നന്മകൾ കാണുന്നു
തുലികയാലൊരു പുതിയ വസന്തം ഇവിടെ രചിക്കുന്നു
കാരുണ്യത്തിൻ കരങ്ങളുയർത്തി
കരുത്തരാകുന്നു ഞങ്ങൾ കൈത്താങ്ങാവുന്നു

ജീവിതവഴിയിൽ തളർച്ചമാറ്റാൻ തണലുകളേകുന്നു
ജയിച്ചുകാട്ടാൻ വിജയം നേടാൻ പിന്തുണയേകുന്നു
ഞങ്ങൾ പിന്തുണയേകുന്നു
ആശയങ്ങൾ വരികളിലെഴുതി ഞങ്ങൾ ചരിത്രമാകുന്നു
ഐ.എൻ.സിയുടെ മുഖപുസ്തക കുട്ടായ്മയ്ക്ക് തിളക്കമേറുന്നു


(ഫെയ്സ് ബുക്ക് കുട്ടായ്മകളുടെ ചരിത്രം തിരുത്തി ഐ.എൻ.സി അഞ്ചാമത് കുട്ടായ്മയിലേയ്ക്ക്
അഭിവാദനങ്ങൾ, ആശംസകൾ)

Tuesday, 7 January 2014

എകാന്തതയുടെ തപ്തനിശ്വാസങ്ങൾ

എകാന്തതയുടെ തപ്തനിശ്വാസങ്ങൾ
വന്നുപുണർന്നു മറയാറുണ്ടിടയ്ക്കിടെ
വാൽസല്ല്യമോടെ ആരോ പതുക്കെയീ
വാതിലിൽ വന്നു മുട്ടാറുണ്ടിടയ്ക്കിടെ
മെല്ലെ തുറക്കുന്ന വാതായനങ്ങൾക്കപ്പുറം
എല്ലാം ശുന്യമാണെന്നോതുന്നു ജീവിതം
പിന്നിൽ നിന്നാരോ വിളിക്കുന്നു വീണ്ടും
പിന്തിരിഞ്ഞു നോക്കുമിടയ്ക്കിടെ
പിറകിലേയ്ക്കോടി മനസു മടുക്കുമ്പോൾ
പിന്നിലീ നിഴലും നീലനീലാവും മാത്രം

Monday, 6 January 2014

അമ്മയെയാണെനിക്കേറെയിഷ്ടം
അമ്മതൻ പുഞ്ചിരിയേറേയിഷ്ടം
അമ്മ തൻ നൈവേദ്യ പായസമാണെനിക്ക
അമ്മിഞ്ഞപാലുപോൽ ഏറെയിഷ്ടം
ചുറ്റുവിളക്കു തെളിയിച്ചു ഞാനമ്മയെ
ചിത്തത്തിൽ മെല്ലെ ജപിച്ചിരിക്കും

Thursday, 2 January 2014

കൈയ്യിലെ മുഷിഞ്ഞ നോട്ടുകൾ
രാവും പകലുമറിയാതെ
വിയർത്തും തണുത്തും നേടിയത്
എണ്ണിനോക്കിയപ്പോൾ നഷ്ടം
കടമായും ദയയായും കിട്ടിയതും ചേർത്ത്
എക്സ്ചേഞ്ചിലെ ശീതീകരണത്തിനും പുറത്തേയ്ക്ക്
അന്തമില്ലാത്ത ക്യുവിൽ കാത്തിരിക്കുമ്പോൾ
വല്ലാത്ത ആശ്വാസം
പെണ്മക്കളെ സ്യഷ്ടിച്ചു തന്ന ദൈവത്തോട് സ്നേഹവും
സ്ത്രീധനമില്ലാതെ കൈപിടിക്കില്ലന്ന വാശിയോട് കോപവും
എങ്കിലും എല്ലാം ശുഭമാകും
എണ്ണിപെറുക്കിയ ഈ തുക മുതല്കുട്ടാകും
എക്സ്ചേഞ്ചിലെ ടി.വി.യിൽ അപ്പോഴും
രുപയുടെ മുല്ല്യതകർച്ചയിൽ വിലപിക്കുന്ന പ്രവാസിയുടെ ചിത്രം
പക്ഷേ എനിക്കു സന്തോഷമായിരുന്നു
ഞാൻ ഉദ്ദേശിച്ച തുക വീട്ടിലെത്തികഴിഞ്ഞു
പ്രവാസമേ നിനക്കു നന്ദി
മഴകാണാനും മക്കളെ കാണാനും കഴിയാത്ത
കാഴ്ചയോട് ദേഷ്യമാണെങ്കിലും
പ്രവാസമേ നന്ദി കഷ്ടപാടുകൾ നീ തുടച്ചു നീക്കുന്നുണ്ട്